ന്യൂനപക്ഷ സ്കോളർഷിപ്: വിദഗ്ധ പരിശോധനക്ക് നാലംഗ സമിതിയായി
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയില്‍ വിദഗ്ധ പരിശോധനക്ക് സെക്രട്ടറിതല സമിതിയായി.
ഉന്നത വിദ്യാഭ്യാസ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.വി. വേണു, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ന്യൂനപക്ഷ ക്ഷേമവകുപ്പിെൻറ ചുമതലയുള്ള പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജ്കുമാർ സിങ് എന്നിവരാണ് സമിതി അംഗങ്ങൾ.
സമിതിയുടെ ആദ്യ യോഗം ചൊവ്വാഴ്ച ചേർന്നു. ആരുടെയും അവകാശങ്ങൾ കവർന്നെടുക്കാത്ത രൂപത്തിൽ സ്കോളർഷിപ് പദ്ധതി നടപ്പാക്കണമെന്ന് യോഗത്തിൽ നിർദേശമുയർന്നു. ഇത് നടപ്പാക്കാനുള്ള വിശദാംശങ്ങൾ സമിതി തയാറാക്കും. ഇതിനായി സമിതി വീണ്ടും യോഗം ചേരും.
പ്രശ്നപരിഹാരമുൾപ്പെടെ നിർദേശങ്ങളോടെ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. ന്യൂനപക്ഷ സ്കോളർഷിപ് ആരംഭിച്ച പശ്ചാത്തലം, കോടതി റദ്ദാക്കിയ മൂന്ന് സർക്കാർ ഉത്തരവുകൾ തുടങ്ങിയവയുടെ വിശദാംശങ്ങളും സമിതി പരിശോധിച്ചു. നേരത്തേ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗതീരുമാന പ്രകാരമാണ് വിദഗ്ധ സമിതിയെ നിയോഗിച്ചുള്ള പഠനത്തിന് തീരുമാനിച്ചത്.
ഇതോടൊപ്പം കോടതിവിധിയിൽ നിയമപരമായ പരിശോധനയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നിയമവകുപ്പ്, അഡ്വക്കറ്റ് ജനറൽ എന്നിവയുമായി ബന്ധപ്പെട്ട് ഇൗ പരിശോധനയും നടക്കുന്നുണ്ട്. മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ച സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ സ്കോളർഷിപ് പദ്ധതികളിൽ മുസ്ലിം വിദ്യാർഥികൾക്ക് 80 ശതമാനവും ലത്തീൻ, പരിവർത്തിത ക്രൈസ്തവർക്ക് 20 ശതമാനവും നിശ്ചയിച്ച അനുപാതം ഹൈകോടതി റദ്ദാക്കിയതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.