പോളിടെക്നിക് പ്രവേശനത്തിന് അപേക്ഷകർ കൂടി
text_fieldsതൃശൂർ: സംസ്ഥാനത്തെ പോളിടെക്നിക്കുകളിലേക്കുള്ള പ്രവേശന അപേക്ഷകളിൽ വൻ കുതിപ്പ്. കഴിഞ്ഞ വർഷത്തെ റെക്കോഡ് അപേക്ഷകളുടെ ചുവടുപിടിച്ച് ബുധനാഴ്ച വരെ 72,000 അപേക്ഷകൾ എത്തി.
ശനിയാഴ്ച വൈകീട്ടു വരെയാണ് അപേക്ഷിക്കാനാകുക. മുൻ വർഷത്തെ അപേക്ഷിച്ച് 22,000 അപേക്ഷകളുടെ വർധന രേഖപ്പെടുത്തി 86,000 അപേക്ഷകളാണ് കഴിഞ്ഞ വർഷം ലഭിച്ചത്. ജൂലൈ 21 മുതലാണ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചു തുടങ്ങിയത്. ഗവ. എയ്ഡഡ് മേഖല -12,100, ഐ.എച്ച്.ആർ.ഡി -1730, സഹ. കോളജ് (കേപ്) -360, സ്വാശ്രയം -5530 ( ആകെ സീറ്റിന്റെ പകുതി) എന്നിവ ഉൾപ്പെടെ 19,720 സീറ്റുകളിലേക്കാണ് പോളി പ്രവേശന നടപടികൾ നടക്കുന്നത്. കോഓപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനൽ എജുക്കേഷന് (കേപ്) കീഴിലെ സഹകരണ കോളജുകളിലേക്ക് കഴിഞ്ഞ വർഷം 360 സീറ്റ് സർക്കാർ അനുവദിച്ചിരുന്നു. സ്ഥലസൗകര്യമുള്ള എൻജിനീയറിങ് കോളജുകളിൽ മാനദണ്ഡങ്ങൾ പാലിച്ച് പോളി പഠനത്തിന് അംഗീകാരം നൽകാമെന്നായിരുന്നു ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ) നിർദേശം. പത്തനാപുരം, ആറന്മുള, പുന്നപ്ര, വടകര എന്നീ എൻജിനീയറിങ് കോളജുകളിലാണ് 60 സീറ്റുകൾ വീതം ന്യൂജെൻ കോഴ്സുകൾ അനുവദിച്ചിരുന്നത്. എന്നാൽ, ഈ വർഷം പുതിയ കോഴ്സുകൾക്ക് എ.ഐ.സി.ടി.ഇ അനുവദിച്ചിട്ടില്ല.
2022 -23 അധ്യയന വർഷത്തെ ഗവ. കമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ രണ്ടു വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സ് പ്രവേശന നടപടികളും തുടങ്ങിയിട്ടുണ്ട്. ഇതാദ്യമായാണ് ഓൺലൈൻ പ്രവേശന നടപടികൾ ഈ കോഴ്സിന് വരുന്നത്. 21 കോഴ്സുകളിലാണ് സർക്കാർ -എയ്ഡഡ് മേഖലയുൾപ്പെടെ പൊതുപ്രവേശനം നടക്കുന്നത്. ആദ്യ അലോട്ട്മെന്റ് 20ന് പ്രസിദ്ധീകരിക്കും.
ആഗസ്റ്റ് 20ന് രണ്ടാംഘട്ട അലോട്ട്മെന്റ് നടക്കും. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ചിനാണ് (സിറ്റർ) പ്രവേശന നടപടികളുടെ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.