ഊർജ സംരക്ഷണം പഠിപ്പിക്കാൻ കൂടുതൽ പുസ്തകങ്ങൾ വരുന്നു
text_fieldsതിരുവനന്തപുരം: ഊർജ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിനൊപ്പം കൂടുതൽ പുസ്തകങ്ങൾ പുറത്തിറക്കാനൊരുങ്ങി എനർജി മാനേജ്മെന്റ് സെന്റർ. നിലവിൽ ഊർജ സംരക്ഷണ പാഠങ്ങളുമായി കൈപുസ്തകങ്ങൾ, ലഘുലേഖകൾ എന്നിവ തയാറാക്കി വിതരണം ചെയ്യുന്നുണ്ട്. ഇത് വിപുലപ്പെടുത്തി മലയാളത്തിൽ കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനാണ് നീക്കം. ഇതിന് എഴുത്തുകാരിൽനിന്ന് താൽപര്യപത്രം ക്ഷണിച്ചു.
‘കുട്ടികളും ഊർജസംരക്ഷണവും’, ‘ഊർജസംരക്ഷണം വീട്ടമ്മമാരിലൂടെ’, ‘ഊർജം-ഊർജ സംരക്ഷണം-ഊർജ കാര്യക്ഷമത’, ‘ഊർജസംരക്ഷണത്തിന്റെ സാമൂഹിക പ്രസക്തി’, ‘ഊർജസംരക്ഷണവും കാലാവസ്ഥ വ്യതിയാനവും’ വിഷയങ്ങളിലാണ് പുസ്തകങ്ങൾ തയാറാക്കുക. ഊർജ സംരക്ഷണ വിഷയങ്ങൾക്ക് പുറമേ സാങ്കേതിക വിദ്യകകൾ, ഈ മേഖലയിലുണ്ടാകുന്ന സാങ്കേതിക പുരോഗതികൾ, വികസന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് മാതൃഭാഷയിൽ അറിവ് പകരലും ലക്ഷ്യമിടുന്നു. ലളിത ഭാഷയിൽ ആകർഷക അവതരണത്തിലൂടെ പുസ്തകങ്ങൾ തയാറാക്കിയാൽ വായിക്കപ്പെടുമെന്ന വിലയിരുത്തലിലാണ് എനർജി മാനേജ്മെന്റ് സെന്റർ.
ഗാർഹിക വൈദ്യുതോപകരണങ്ങൾ മിക്കതും കൈകാര്യം ചെയ്യുന്നത് വീട്ടമ്മമാരായതിനാൽ അവർക്കിടയിലെ ബോധവത്കരണത്തിന് പുസ്തകങ്ങൾ ഗുണകരമാവുമെന്നാണ് കണക്കുകൂട്ടൽ. സ്വന്തം നിലയിലോ പ്രസാധകൾ മുഖേനെയോ രണ്ടോ അതിൽ കൂടുതലോ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചവരെയാണ് പുസ്തകരചനക്ക് പരിഗണിക്കുന്നത്. മലയാളഭാഷ പ്രോത്സാഹനത്തിനും ഭരണഭാഷ മാതൃഭാഷ എന്ന ആശയം പ്രാവർത്തികമാക്കുന്നതിനുമായി എനർജി മാനേജ്മെന്റ് സെൻറിൽ ഡയറക്ടർ ചെയർമാനായി ഭരണഭാഷ പ്രോത്സാഹനസമിതി രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.