കേന്ദ്ര വാഴ്സിറ്റിയിൽ കൂടുതല്‍ ചതുർവർഷ ബിരുദ പ്രോഗ്രാമുകള്‍
text_fieldsകാസര്‍കോട്: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്ര വാഴ്സിറ്റി കേരളം കൂടുതൽ ചതുർവർഷ പ്രോഗ്രാമുകൾ ആരംഭിക്കുമെന്ന് വാഴ്സിറ്റി പ്രതിനിധികൾ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. എജുക്കേഷന്‍, ഇന്റര്‍നാഷനല്‍ റിലേഷന്‍സ് എന്നീ വകുപ്പുകളില്‍ ഈ വര്‍ഷം പുതിയ പ്രോഗ്രാമുകള്‍ ആരംഭിക്കും.
എജുക്കേഷന്‍ ഡിപ്പാര്‍ട്മെന്റില്‍ ബി.എസ്.സി ബി.എഡ് (ഫിസിക്സ്, സുവോളജി), ബി.എ -ബി.എഡ് (ഇംഗ്ലീഷ്, ഇക്കണോമിക്സ്), ബി.കോം -ബി.എഡ് എന്നീ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമുകളാണ് ആരംഭിക്കുന്നത്. ബി.കോം -ബി.എഡിന് 50ഉം മറ്റുള്ളവക്ക് 25 വീതവും സീറ്റുകളാണുള്ളത്.
ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ നിലവിലെ മൂന്ന് വര്‍ഷ യു.ജി പ്രോഗ്രാം ഈ വര്‍ഷം മുതല്‍ നാല് വര്‍ഷമായി മാറ്റും. ബി.എ ഓണേഴ്സ് വിത്ത് റിസര്‍ച് ഇന്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് എന്നതാണ് പ്രോഗ്രാം. പ്രധാന ഐച്ഛിക വിഷയത്തില്‍ മേജര്‍ ബിരുദവും മറ്റു വിഷയങ്ങളില്‍ മൈനര്‍ ബിരുദങ്ങളും ഒരേ കോഴ്സിന്റെ ഭാഗമായി ഇതില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. അവസാനവര്‍ഷം മേജര്വിഷയത്തില് ഗവേഷണം നടത്താനും സാധിക്കും.
ഇങ്ങനെ ചെയ്യുന്ന വിദ്യാര്‍ഥിക്ക് പി.ജി ഇല്ലാതെതന്നെ പിഎച്ച്.ഡിക്ക് ചേരാം. വിവിധ ഡിപ്പാര്‍ട്മെന്റുകളില്‍ നാല് വര്‍ഷ പ്രോഗ്രാമുകള്‍ പരിഗണനയിലാണ്. ഒന്നിലധികം ഡിപ്പാര്‍ട്മെന്റുകളെ ഉള്‍പ്പെടുത്തി മള്‍ട്ടി ഡിസിപ്ലിനറി ബിരുദ കോഴ്സുകള്‍ തുടങ്ങുന്നതും ആലോചനയുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്ത് കൂടുതലവസരങ്ങള്‍ ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.
അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് 70 കോടി രൂപയുടെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. സർവകലാശാലയില്‍ ബിരുദാനന്തര ബിരുദ കോഴ്സ് ഒരുവർഷം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ഒരു വര്‍ഷത്തിനുശേഷം പഠനം നിര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് നാല് വര്‍ഷത്തിനുള്ളില്‍ തിരിച്ചുവന്ന് കോഴ്സ് പൂര്‍ത്തിയാക്കാം. മറ്റേതെങ്കിലും സര്‍വകലാശാലയോ കോളജുകളോ ഇതിനായി തിരഞ്ഞെടുക്കാനും സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പുകളും നിര്‍ബന്ധമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.