എൻജിനീയറിങ് പ്രവേശനപരീക്ഷ എഴുതിയവർ കൂടി; റാങ്ക് പട്ടികയിൽ കുറഞ്ഞു
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷയെഴുതിയവരുടെ എണ്ണം വർധിച്ചിട്ടും യോഗ്യത നേടിയവരുടെയും റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരുടെയും എണ്ണത്തിൽ കുറവ്. കഴിഞ്ഞ വർഷം 77,005 പേർ പരീക്ഷയെഴുതിയപ്പോൾ 58,570 പേർ യോഗ്യത നേടി. ഇതിൽ പ്ലസ് ടു മാർക്ക് സമർപ്പിച്ച് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത് 50,858 പേരായിരുന്നു. എന്നാൽ, ഇത്തവണ 80,999 പേർ പരീക്ഷയെഴുതിയപ്പോൾ 54,079 പേരാണ് യോഗ്യത നേടിയത്. 49,671 പേരാണ് ഇത്തവണ റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്.
രണ്ട് പേപ്പറുകളിലും 10 വീതം സ്കോർ നേടിയവരെയാണ് യോഗ്യത നേടിയവരായി പരിഗണിക്കുന്നത്. ഇവരിൽ പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്സ് മാർക്ക് കൂടി സമർപ്പിക്കുന്നവരെയാണ് റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുന്നത്. റാങ്ക് പട്ടികയിൽ ഇടംപിടിക്കുന്നവരുടെ എണ്ണം കുറയുന്നത് എൻജിനീയറിങ് പ്രവേശനം നേടുന്നവരുടെ എണ്ണത്തെയും പ്രതികൂലമായി ബാധിച്ചേക്കും. സംസ്ഥാന സിലബസിൽ പഠിച്ച് മുൻനിര റാങ്കിൽ ഇടംപിടിച്ചവരുടെ എണ്ണത്തിലും കുറവുണ്ട്.
ആദ്യ 5000 റാങ്കിൽ കഴിഞ്ഞ വർഷം 2215 പേരുണ്ടായിരുന്നത് ഇത്തവണ 2043 ആയി കുറഞ്ഞു. സി.ബി.എസ്.ഇ സിലബസിൽ പഠിച്ച 2790 പേർ ആദ്യ 5000 റാങ്കിൽ ഉൾപ്പെട്ടു. കഴിഞ്ഞ വർഷം 2568 ആയിരുന്നു സി.ബി.എസ്.ഇ സിലബസിൽ നിന്നുള്ളവർ. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 49,671 പേരിൽ 33,522 പേരും കേരള സിലബസിൽ പഠിച്ചവരാണ്. 14,571 പേർ സി.ബി.എസ്.ഇ സിലബസിലും 1070 പേർ ഐ.സി.എസ്.ഇയിലും 508 പേർ മറ്റ് സിലബസുകളിലും ഹയർസെക്കൻഡറി പഠനം നടത്തിയവരാണ്.
പ്രവേശന നടപടികൾ ഒന്നു മുതൽ
തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിനുള്ള അലോട്ട്മെന്റ് നടപടികൾ ജൂലൈ ഒന്നിന് ആരംഭിക്കും. വിശദവിവരങ്ങൾ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാനാകും. ഫാർമസി, ആർകിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ജൂലൈയിൽ പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.