സർക്കാർ ശമ്പളത്തിൽ സ്വകാര്യ കൽപിത സർവകലാശാലകൾക്ക് അണിയറ നീക്കം
text_fieldsതിരുവനന്തപുരം: കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽനിന്ന് ശമ്പളം നൽകി എയ്ഡഡ് കോളജുകളെ സ്വകാര്യ കൽപിത സർവകലാശാലയാക്കുന്നതിൽ വിദഗ്ധ സമിതിക്കും യോജിപ്പ്. കൽപിത സർവകലാശാല പദവി ലഭിക്കുന്ന എയ്ഡഡ് കോളജുകളിലെ വിദ്യാർഥി പ്രവേശനത്തിലും ഫീസ് നിർണയത്തിലും സർക്കാറിനുള്ള നിയന്ത്രണം നഷ്ടപ്പെടുന്നത് പരിഗണിക്കാതെയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും അനുകൂല നിലപാടിലേക്ക് വന്നത്.
സമിതിയുടെ ആദ്യ യോഗം ബുധനാഴ്ച ചേർന്നപ്പോൾ മിക്ക അംഗങ്ങളും അനുകൂല നിലപാടെടുത്തു. മികവ് പരിഗണിച്ച് കൽപിത സർവകലാശാലകളാക്കാമെന്ന നിർദേശമാണ് ഉണ്ടായത്. സ്വയംഭരണ പദവിയുള്ള അഞ്ചോളം എയ്ഡഡ് കോളജുകൾ ഉൾപ്പെടെ കൽപിത സർവകലാശാല പദവിക്ക് എൻ.ഒ.സിക്ക് സമീപിച്ചിരുന്നു. കൽപിത സർവകലാശാലയാകുന്നതോടെ വിദ്യാർഥി പ്രവേശനം, ഫീസ് നിർണയം എന്നിവ സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. വിദ്യാർഥി പ്രവേശനത്തിൽ മെറിറ്റ് പാലിക്കുന്നതും സർക്കാർ ഫീസ് അംഗീകരിക്കുമെന്നും വ്യവസ്ഥ ചെയ്യുന്ന 1972ലെ ഡയറക്ട് പേമെന്‍റ് എഗ്രിമെന്‍റ് പ്രകാരമാണ് എയ്ഡഡ് കോളജ് അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നത്. സർവകലാശാലയാകുന്നതോടെ യു.ജി.സി റെഗുലേഷനാകും ബാധകം. ഇതോടെ വിദ്യാർഥി പ്രവേശനവും ഫീസ് നിർണയവും സ്ഥാപന നിയന്ത്രണത്തിലാകും. ഇത്തരം സ്ഥാപനങ്ങൾക്ക് എന്തിന് സർക്കാർ ശമ്പളം നൽകണമെന്ന അടിസ്ഥാന പ്രശ്നം മറച്ചുവെച്ചാണ് അണിയറ നീക്കം.
നേരത്തേ ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമർപ്പിച്ച റിപ്പോർട്ടിലും കൽപിത സർവകലാശാല അനുവദിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. തുടർന്നാണ് വിദഗ്ധസമിതിയെ നിയോഗിച്ചത്. എൻ.ഐ.ആർ.എഫ് റാങ്കിങ്, നാക് ഗ്രേഡിങ് ഉൾപ്പെടെ മികവുകൾ പരിശോധിച്ച് എയ്ഡഡ്, സ്വാശ്രയ വ്യത്യാസമില്ലാതെ കൽപിത സർവകലാശാല പദവിയിലേക്ക് പരിഗണിക്കാമെന്നാണ് സമിതി നിലപാട്. വിശദാംശങ്ങൾ അടുത്ത യോഗങ്ങളിൽ ചർച്ച ചെയ്ത് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ ചെയർമാൻ ഡോ. ശ്യാം ബി. മേനോൻ, എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബുതോമസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
സ്വകാര്യ സർവകലാശാല: തീരുമാനമായില്ല -മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണത്തിനായി മൂന്ന് കമീഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ നടന്ന ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കമീഷൻ റിപ്പോർട്ടിലുള്ളത് ശിപാർശയാണ്. സ്വകാര്യ കൽപിത സർവകലാശാല സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രാഥമികമായ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും തീരുമാനമെടുക്കുക.
കമീഷൻ റിപ്പോർട്ടുകളിൽ സർവകലാശാല തലത്തിൽ മൂന്നാഴ്ചക്കകം ചർച്ച പൂർത്തിയാക്കണം. ഇതിനുശേഷം സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ ചർച്ചയിൽ സർവകലാശാലകളുടെ അഭിപ്രായം കേൾക്കും. അക്കാദമിക് ക്രെഡിറ്റ് ബാങ്ക്, ക്രെഡിറ്റ് ട്രാൻസ്ഫർ എന്നിവ നടപ്പാക്കുന്നത് സംബന്ധിച്ച നിർദേശങ്ങളും സർവകലാശാലകൾ അറിയിക്കണം. ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് ബിരുദതലത്തിൽ കൃത്യമായ അവബോധം നൽകണം. ഇനിയും ഇക്കാര്യത്തിൽ അറച്ചുനിൽക്കേണ്ടതില്ല. നാല് വർഷ ബിരുദ കോഴ്സുകൾ ദേശീയതലത്തിൽ നടപ്പാക്കാൻ കേന്ദ്രം തീരുമാനിക്കുമ്പോൾ കേരളം മാറിനിൽക്കുന്നത് വിദ്യാർഥികളെ ബാധിക്കും. ഇതിനായി പാഠ്യപദ്ധതി പരിഷ്കരണത്തിലേക്ക് സർവകലാശാലകൾ നീങ്ങണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.