എം.ഫാം പ്രവേശനം: അപേക്ഷ ജൂൺ 13നകം
text_fieldsകേരളത്തിലെ സർക്കാർ/സ്വാശ്രയ ഫാർമസി കോളജുകളിൽ എം.ഫാം പ്രവേശനത്തിന് ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ്-2021) യോഗ്യത നേടിയവരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.inൽ ഓൺലൈനായി ജൂൺ 13 വൈകീട്ട് മൂന്നുവരെ അപേക്ഷിക്കാം. വിജ്ഞാപനവും പ്രോസ്‍പെക്ടസും വെബ്സൈറ്റിലുണ്ട്.
യോഗ്യത: ബി.ഫാം 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് മതി. പ്രായപരിധിയില്ല. ജിപാറ്റ്-2021 സ്കോർ, അക്കാദമിക്/ബി.ഫാം മാർക്ക് അടിസ്ഥാനത്തിലാണ് റാങ്ക്‍ലിസ്റ്റ് തയാറാക്കുന്നത്.
അപേക്ഷാഫീസ് 600 രൂപ. പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് 300 രൂപ മതി. അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
കോളജുകൾ: തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജുകൾക്ക് കീഴിലുള്ള മൂന്ന് ഫാർമസ്യൂട്ടിക്കൽ സയൻസ് കോളജുകളിലാണ് എം.ഫാം പ്രവേശനം. ഫാർമസ്യൂട്ടിക്കൽ അനാലിസിസ്, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്സ്, ഫാർമകോഗ്നസി, ഫാർമക്കോളജി, ഫാർമസി പ്രാക്ടീസ് എന്നിവ സ്‍പെഷലൈസേഷനുകളാണ്. സർക്കാർ കോളജിൽ ആകെ 102 സീറ്റുകളുണ്ട്. വാർഷിക ട്യൂഷൻ ഫീസ് 27,570 രൂപ, മറ്റിനങ്ങളിലുള്ള വാർഷിക ഫീസ് 1660 രൂപ. കോഷൻ ഡെപ്പോസിറ്റ് 5520 രൂപ.
20 സ്വാശ്രയ ഫാർമസി കോളജുകളിലായി 254 സർക്കാർ മെറിറ്റ് സീറ്റുകളും എം.ഫാമിനുണ്ട്. ഓരോ കോളജിലും ലഭ്യമായ സ്‍പെഷലൈസേഷനുകളും സീറ്റുകളും പ്രോസ്‍പെക്ടസിലുണ്ട്. ഫീസ് നിരക്കുകൾ സീറ്റ് അലോട്ട്മെന്റിന് മുമ്പായി അറിയിക്കുന്നതാണ്. സംവരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പ്രോസ്‍പെക്ടസിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.