ചരിത്രം സാക്ഷി; മുഗളർ പാഠപുസ്തകത്തിന് പുറത്ത്, ഗ്രീക്കുകാരെക്കുറിച്ച് വിശദമായി പഠിക്കാം
text_fieldsന്യൂഡൽഹി: കഴിഞ്ഞ വർഷം വരെ, ഏഴാം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠ്യപദ്ധതിയുടെ ഭാഗമായി മുഗളന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ച് വിദ്യാർഥികൾ പഠിച്ചിരുന്നു. എന്നാൽ, ഇനി അങ്ങനെയല്ല. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻ.സി.എഫ്) പ്രകാരം പുതുക്കിയ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ ഈ രണ്ട് അധ്യായവുമില്ല. പകരം മഗധ, മൗര്യന്മാർ, ശുംഗന്മാർ, ശതവാഹനന്മാർ തുടങ്ങിയ പുരാതന ഇന്ത്യൻ രാജവംശങ്ങളെ ‘ഇന്ത്യൻ ധാർമികത’യിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവതരിപ്പിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ 2025ൽ സംഘടിപ്പിച്ച മഹാ കുംഭമേളയെക്കുറിച്ചുള്ള പരാമർശവും അതിലുണ്ട്. കൂടാതെ, ജനപദം, സമരാജ്, അധിരാജ, രാജാധിരാജ എന്നിങ്ങനെ നിരവധി സംസ്കൃത പദങ്ങൾ പാഠഭാഗങ്ങളിലുണ്ട്. ഗ്രീക്കുകാരെക്കുറിച്ച് വിശദമായി പഠിക്കാനുണ്ട്.
പുതിയ ഏഴാം ക്ലാസ് പാഠപുസ്തകമായ ‘എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്, പാർട്ട്-ഒന്ന്’, ദേശീയ വിദ്യാഭ്യാസ നയം (2020) പ്രകാരം എൻ.സി.ഇ.ആർ.ടിയുടെ നവീകരിച്ച പരമ്പരയിലെ ഏറ്റവും പുതിയതാണ്. കൂടാതെ ‘ഇന്ത്യൻ, പ്രാദേശിക സാഹചര്യങ്ങളിലും ധാർമികതയിലും വേരൂന്നിയ’ ഉള്ളടക്കത്തിന് ഊന്നൽ നൽകുന്ന പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം തയാറാക്കിയതും.
കഴിഞ്ഞ വർഷം മൂന്ന്, ആറ് ക്ലാസുകൾക്ക് പുതിയ പുസ്തകങ്ങൾ അവതരിപ്പിച്ചശേഷം, ഇപ്പോൾ നാല്, ഏഴ് ക്ലാസുകൾക്കാണ് പുതുക്കിയ പതിപ്പുകൾ പുറത്തിറക്കിയത്. പുസ്തകത്തിന്റെ രണ്ടാം ഭാഗം വരും മാസങ്ങളിൽ പുറത്തിറക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ‘ഭാഗം ഒന്നിൽ 12 അധ്യായങ്ങളുണ്ട്, അവ അധ്യയന വർഷത്തിന്റെ ആദ്യ ആറ് മാസങ്ങളിൽ പഠിപ്പിക്കും. രണ്ടാം ഭാഗത്തിൽ നിരവധി അധിക വിഷയങ്ങൾ ചേർക്കും. അതിനാൽ എല്ലാവരും അതിനായി കാത്തിരിക്കൂ -പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
2022-23 ലെ കോവിഡ് സമയത്ത് സിലബസ് യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി മുഗളന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള ഭാഗങ്ങൾ വെട്ടിക്കുറച്ചിരുന്നു. മുഗൾ ചക്രവർത്തിമാരുടെ നേട്ടങ്ങളെക്കുറിച്ചുള്ള രണ്ട് പേജുള്ള പട്ടികയും മാംലൂക്കുകൾ, തുഗ്ലക്കുകൾ, ഖൽജികൾ, ലോദികൾ തുടങ്ങിയ രാജവംശങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണങ്ങളും ഉൾപ്പെടെ അന്നേ ഉന്മൂലനം ചെയ്തു. പുതിയ പാഠപുസ്തകത്തിൽ അവയെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും നീക്കി.
ഇതോടെ, ബാബറും ഹുമയൂണും അക്ബറും ജഹാൻഗീറും ഷാജഹാനും ഔറംഗസേബും അടക്കമുള്ള മുഗൾ രാജവംശം എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽനിന്ന് പുറത്തായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.