ഈ കോളജിൽ ക്ലാസിൽ കയറാതെ കറങ്ങി നടക്കാം; പതിനായിരം രൂപ പിഴയടച്ച് പരീക്ഷയുമെഴുതാം
text_fieldsകോളജ് കാലത്ത് ക്ലാസിൽ കയറാതെ ആഘോഷിച്ചു നടന്ന വിദ്യാർഥികളുടെ എണ്ണം വളരെ കുറവായിരിക്കും. ഡി.വൈ പാട്ടീൽ യൂനിവേഴ്സിറ്റിയിൽ പഠിക്കാനെത്തി ക്ലാസ് കട്ട് ചെയ്ത് കറങ്ങിനടക്കാനാണ് നിങ്ങളുടെ പ്ലാൻ ആണെങ്കിൽ ചങ്കിടിപ്പിക്കുന്ന തീരുമാനമായിരിക്കും അതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
കാരണം, 75 ശതമാനം അറ്റൻഡൻസ് ഇല്ലാത്ത വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ചെറിയ ഒരു ഇളവുമായി എത്തിയിരിക്കയാണ് ഡി.വൈ പാട്ടീൽ യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് മാനേജ്മെന്റ് അധികൃതർ. അതായത് ക്ലാസ് കട്ടു ചെയ്യുന്നവർക്ക് പരീക്ഷയെഴുതാം, പതിനായിരം രൂപ പിഴയടച്ചാൽ മതിയെന്നാണ് കോളജിലെ പുതിയ സർക്കുലർ പറയുന്നത്. സെപ്റ്റംബർ രണ്ടിനാണ് കോളജ് അധികൃതർ സർക്കുലർ പുറത്തിറക്കിയത്. 5000ത്തിനും പതിനായിരത്തിനും ഇടയിലാണ് പിഴത്തുകയായി അധികൃതർ വിദ്യാർഥികളിൽ നിന്ന് ഈടാക്കുക. അച്ചടക്ക നടപടിയുടെ ഭാഗമായാണ് പുതിയ നീക്കമെന്നും കോളജ് അധികൃതർ പറയുന്നു. വിദ്യാർഥികൾ അച്ചടക്കം പാലിച്ചാൽ മാത്രമേ കൂടുതൽ രക്ഷിതാക്കൾ അവരുടെ മക്കളെ ഇവിടേക്ക് അയക്കുകയുള്ളൂവെന്നും കോളജ് അധികൃതർ വിലയിരുത്തുന്നു.
പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ നിർബന്ധമാണ്. എന്നാൽ 65-75 ശതമാനത്തിനിടയിലാണ് ഹാജർ എങ്കിൽ 5,000 രൂപ പിഴ നൽകിയാൽ പരീക്ഷയെഴുതാം. 65 ശതമാനത്തിനും താഴെയാണ് ഹാജർ നില എങ്കിൽ 10,000 രൂപ പിഴയടക്കേണ്ടി വരും.
പിഴയടച്ചാൽ മതിയല്ലോ, ക്ലാസിൽ കയറേണ്ട എന്ന് ചിന്തിക്കാൻ വരട്ടെ. വിദ്യാർഥികളിൽ നിന്ന് നേരിട്ട് പിഴത്തുക ഈടാക്കില്ല. പകരം രക്ഷിതാക്കളെ കോളജിലേക്ക് വിളിച്ചുവരുത്തും. വിദ്യാർഥി ക്ലാസിൽ കയറാത്തതിനെ കുറിച്ച് അവരോട് വ്യക്തമായി പറയും. അതിനു ശേഷമാണ് പിഴ സ്വീകരിക്കുക. രക്ഷിതാക്കളുമായി കോളജിലെത്താത്തവർക്ക് പരീക്ഷയെഴുതാൻ അവസരമുണ്ടായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.