ഡൽഹിയിലെ ദേശീയ നിയമ സർവകലാശാലയിൽ പഠിക്കാം
text_fieldsനാഷനൽ ലോ യൂനിവേഴ്സിറ്റി ഡൽഹി 2024-25 വർഷത്തെ ഇനി പറയുന്ന റെഗുലർ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ബി.എ.എൽഎൽ.ബി (ഓണേഴ്സ്), അഞ്ചുവർഷം, സീറ്റുകൾ 120. യോഗ്യത: 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം.
എൽഎൽ.എം, ഒരുവർഷം, സീറ്റുകൾ 80. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ എൽഎൽ.ബി അല്ലെങ്കിൽ തത്തുല്യ നിയമബിരുദം. പിഎച്ച്.ഡി (സോഷ്യൽ സയൻസസ്-പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ക്രിമിനോളജി, ഇക്കണോമിക്സ്, ഇംഗ്ലീഷ്) സീറ്റുകൾ 4. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം. എല്ലാ കോഴ്സുകളിലേക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗത്തിൽ പെടുന്നവർക്ക് യോഗ്യതപരീക്ഷയിൽ അഞ്ചു ശതമാനം മാർക്കിളവുണ്ട്. 2024 ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ് (https://nationallawuniversitydelhi.in). അപേക്ഷഫീസ് 3500 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 1500 രൂപ മതി. ബി.പി.എൽ വിഭാഗത്തിൽപെട്ട എസ്.സി/എസ്.ടി വിദ്യാർഥികളെ അപേക്ഷഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓൺലൈനായി നവംബർ 13 വരെ അപേക്ഷ സമർപ്പിക്കാം. 2023 ഡിസംബർ 10 ഞായറാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് ഒരുമണിവരെ നടത്തുന്ന ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (AILET) റാങ്കടിസ്ഥാനത്തിലാണ് അഡ്മിഷൻ. നവംബർ 20ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി ഉൾപ്പെടെ രാജ്യത്തെ 35 നഗരങ്ങളിലായാണ് ടെസ്റ്റ് നടത്തുക. ബി.എ.എൽഎൽ.ബി (ഓണേഴ്സ്), എൽഎൽ.എം കോഴ്സുകളിൽ 10 സീറ്റുകൾ വീതം വിദേശ വിദ്യാർഥികൾക്കും പ്രവാസി ഇന്ത്യക്കാർക്കും നീക്കിവെച്ചിട്ടുണ്ട്. ഇവരെ AILETയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബി.എ.എൽഎൽ.ബി കോഴ്സ് പ്രവേശനത്തിന് പ്ലസ് ടു/തത്തുല്യ പരീക്ഷ 65 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. യോഗ്യതപരീക്ഷയുടെ മാർക്കിന്റെ മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. (https://nationallawuniversitydelhi.in)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.