മുഗുളരെയും ഗാന്ധിയെയും പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കാൻ എൻ.സി.ഇ.ആർ.ടി വിദഗ്ധരുടെയും അധ്യാപകരുടെയും ഉപദേശം തേടി
text_fieldsന്യൂഡൽഹി: മുഗുളരെയും മഹാത്മ ഗാന്ധിയെയും ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്സെയെയും ഗുജറാത്ത് വംശഹത്യയും പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി സിലബസ് പരിഷ്‍കരിക്കാനായി എൻ.സി.ഇ.ആർ.ടി 25 വിദഗ്ധരുടെയും 16 സി.ബി.എസ്.ഇ അധ്യാപകരുടെയും ഉപദേശം തേടിയിരുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.
എസ്.സി.ഇ.ആർ.ടി പുസ്തകങ്ങളിൽ പ്രധാനപ്പെട്ട നിരവധി ചരിത്ര സംഭവങ്ങൾ ഒഴിവാക്കിയതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. എന്നാൽ ഒഴിവാക്കിയ പാഠഭാഗങ്ങൾ തിരികെ ചേർക്കുമെന്ന് എൻ.സി.ഇ.ആർ.ടി ഉറപ്പു നൽകിയിട്ടില്ല. വിദഗ്ധരുടെ നിർദേശങ്ങൾക്കനുസരിച്ചാണ് പാഠപുസ്തകങ്ങൾ പരിഷ്കരിച്ചതെന്നാണ് അവരുടെ വാദം. പാഠ്യപദ്ധതി പരിഷ്‍കരണ ചട്ടക്കൂട് നിലവിൽ വരുന്നതോടെ 2024ൽ പാഠപുസ്തകങ്ങൾ പരിഷ്‍കരിക്കൽ അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
എൻ.സി.ഇ.ആർ.ടിക്കുള്ളിലെ വിദഗ്ധരുമായും യൂനിവേഴ്സിറ്റികളിലെയും വിവിധ സംഘടനകളിലെയും വിഷയ വിദഗ്ധരുമായും അധ്യാപകരുമായും കൂടിയാലോചിച്ചാണ് പരിഷ്‍കരണത്തിന് ഒരുങ്ങിയതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. അതേസമയം, ചരിത്ര, രാഷ്ട്ര മീമാംസ പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്രസംഭവങ്ങളും ചരിത്രനായകരെയും ഒഴിവാക്കാൻ എൻ.സി.ഇ.ആർ.ടി രണ്ടുഘട്ടമായാണ് വിദഗ്ധരുമായി കൂടിയാലോചന നടത്തിയത്.
ജവഹർ ലാൽ നെഹ്റു യൂനിവേഴ്സിറ്റി ചരിത്ര വിഭാഗം പ്രഫസറും ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് അംഗവുമായ ഉമേഷ് കടം, ഹിന്ദു കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. അർച്ചന വെർമ, ഡൽഹി പബ്ലിക് സ്കൂൾ അധ്യാപക ശ്രുതി മിശ്ര, ഡൽഹിയിലെ കേന്ദ്രീയ വിദ്യാലയ അധ്യാപകരായ കൃഷ്ണ രഞ്ജൻ, സുനിൽ കുമാർ എന്നിവരുമായാണ് ചരിത്ര പുസ്തകത്തിൽ മാറ്റം വരുത്തുന്നതിനാണ് ചർച്ച നടത്തിയിരുന്നതെന്നും വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു.
രാഷ്ട്ര മീമാംസ പാഠപുസ്തകത്തിൽ മാറ്റം കൊണ്ടുവരാൻ രണ്ടുഘട്ടങ്ങളിലായി നാലു വിദഗ്ധരുടെ അഭിപ്രായങ്ങൾ ആരാഞ്ഞു. ഭോപാലിലെ എൻ.സി.ഇ.ആർ.ടി റീജ്യനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷനിലെ പൊളിറ്റിക്കൽ സയൻസ് അസി. പ്രഫസർ വന്താങ്ക്പുയ് ഖൊബുങ്, ഹിന്ദു കോളജ് പ്രഫസർ മനീഷ പാണ്ഡെ, സ്കൂൾ അധ്യാപകരായ കവിത ജെയ്ൻ, സുനിത കതൂരിയ എന്നിവരുമായാണ് കൂടിയാലോചന നടത്തിയത്. 10,11,12 ക്ലാസുകളിലെ ചരിത്ര, രാഷ്ട്ര മീമാംസ പുസ്തകങ്ങളിൽ നിന്നാണ് എൻ.സി.ഇ.ആർ.ടി ചരിത്ര നായകരെയും സംഭവങ്ങളെയും ഒഴിവാക്കിയത്.
NCERT consulted 25 external experts, 16 CBSE teachers for syllabus: centre
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.