വിദ്യാർഥികളുടെ മാനസികാരോഗ്യം; മാർഗരേഖയുമായി എൻ.സി.ഇ.ആർ.ടി
text_fieldsന്യൂഡൽഹി: സ്കൂൾ വിദ്യാർഥികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തി പരിഹാരം കാണാൻ മാർഗരേഖയുമായി എൻ.സി.ഇ.ആർ.ടി (നാഷനൽ കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ്).
സ്കൂളുകളിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് നേരത്തേ നടത്തിയ സർവേയിൽ പരീക്ഷയും പരീക്ഷഫലവും പഠിക്കാനുള്ള സമ്മർദവും മാനസിക സമ്മർദമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. കൗമാരക്കാരിലും വിദ്യാർഥികളിലുമുണ്ടാകുന്ന മാനസികാരോഗ്യ പ്രശന്ങ്ങളെ നേരത്തേ കണ്ടെത്തി പരിഹരിക്കാനുള്ള നിർദേശങ്ങളാണ് മാർഗരേഖയിലുള്ളത്.
പ്രിൻസിപ്പൽ അധ്യക്ഷനായി മാനസികാരോഗ്യ ഉപദേശക സമിതി രൂപവത്കരിക്കണമെന്ന് മാർഗരേഖയിൽ നിർദേശമുണ്ട്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർഥികളുമടങ്ങിയതാകും ഉപദേശക സമിതി. ബോധവത്കരണമടക്കമുള്ള പരിപാടികൾ നടത്തണം.
വിദ്യാർഥികളുടെ സ്വഭാവ പ്രശ്നങ്ങളും വിഷാദവും കണ്ടെത്താനാകണം. വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് സ്കൂളുകളിലാണ്. ദിവസത്തിന്റെ മൂന്നിലൊന്ന് സമയവും കുട്ടികൾ സ്കൂളിലാണ്. വർഷത്തിൽ 220 ദിവസത്തോളം സ്കൂളുകൾ പ്രവർത്തിക്കാറുണ്ട്. റസിഡൻഷ്യൽ സ്കൂളുകളിൽ ചെലവിടുന്ന സമയം ഇതിലും കൂടുതലാണ്. അതിനാൽ സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ക്ഷേമവും ആരോഗ്യവും സ്കൂളുകളുടെ ഉത്തരവാദിത്തം കൂടിയാണെന്ന് എൻ.സി.ഇ.ആർ.ടി മാർഗരേഖ പറയുന്നു.
ജീവിതത്തിന്റെ ആദ്യകാലഘട്ടത്തിലാണ് മാനസികപ്രശ്നങ്ങൾ തുടങ്ങുന്നത്. കുടുംബത്തിൽനിന്ന് പുറമേ, സ്കൂളുകളിൽനിന്നും കരുതൽ വേണം. വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾ രഹസ്യമായി കൈാര്യം ചെയ്യണമെന്നും മാർഗരേഖയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.