കേരളം ‘കരുതൽ’ പാഠപുസ്തകത്തിനുള്ള ഒരുക്കത്തിലേക്ക്
text_fieldsതിരുവനന്തപുരം: എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ കാവിവത്കരിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമായ സാഹചര്യത്തിൽ കേരളം കരുതൽ പാഠപുസ്തക രചനക്കുള്ള തയാറെടുപ്പിൽ. നിലവിൽ കേരളത്തിലെ സ്കൂളുകളിൽ എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ പിന്തുടരുന്ന ഹയർസെക്കൻഡറി വിഷയങ്ങളുടെ കാര്യത്തിലാണ് ഇതിനുള്ള സാധ്യത തേടുന്നത്. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ പരിഷ്കരിച്ച് പുറത്തിറങ്ങുമ്പോൾ അംഗീകരിക്കാനാകാത്ത സാഹചര്യമുണ്ടെങ്കിൽ പകരം ഉപയോഗിക്കാനാണിത്.
നിലവിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലാണ് കേരളം എൻ.സി.ഇ.ആർ.ടി സിലബസിലുള്ള പുസ്തകങ്ങൾ പിന്തുടരുന്നത്. സാമൂഹികശാസ്ത്ര വിഷയങ്ങളുടെ പാഠപുസ്തകങ്ങളുടെ കാര്യത്തിലാണ് കേരളത്തിന് പ്രധാനമായും ആശങ്കയുള്ളത്. ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് തുടങ്ങിയ വിഷയങ്ങളിലാണ് കേന്ദ്ര ഇടപെടലിനുള്ള സാധ്യതയുള്ളത്. ഈ വിഷയങ്ങളിൽനിന്ന് തന്നെയാണ് പഠനഭാരം ലഘൂകരിക്കാനെന്ന പേരിൽ ഗാന്ധി വധം, ഗുജറാത്ത് കലാപം, മുഗൾ ചരിത്രം, ദാരിദ്ര്യം തുടങ്ങിയവ സംബന്ധിച്ച പാഠഭാഗങ്ങൾ നേരത്തേ എൻ.സി.ഇ.ആർ.ടി വെട്ടിമാറ്റിയത്. ഈ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് സപ്ലിമെന്ററി പാഠപുസ്തകം തയാറാക്കിയാണ് കേരളം ഈ നീക്കത്തെ പ്രതിരോധിച്ചത്.
എന്നാൽ, ദേശീയ വിദ്യാഭ്യാസ നയവും അതിനനുസൃതമായി തയാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂടും അടിസ്ഥാനമാക്കി എൻ.സി.ഇ.ആർ.ടി തയാറാക്കുന്ന പാഠപുസ്തകങ്ങളിൽ പലതും കേരളത്തിൽ പഠിപ്പിക്കാൻ കഴിയാത്തവയാകുമെന്ന വിലയിരുത്തലാണ് സംസ്ഥാനത്ത് പാഠ്യപദ്ധതി/ പാഠപുസ്തക രൂപവത്കരണ ചുമതലയുള്ള എസ്.ഇ.ആർ.ടിക്കുള്ളത്. ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ ഉൾപ്പെടുത്താനുള്ള നിർദേശത്തിനപ്പുറമുള്ള അപകടങ്ങൾ പാഠപുസ്തകങ്ങളിൽ വരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരം പാഠപുസ്തകങ്ങൾ ഇറങ്ങുമ്പോൾ അവക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന പാഠപുസ്തകങ്ങൾ തയാറാക്കി കരുതിവെക്കണമെന്ന നിലപാട് എസ്.സി.ഇ.ആർ.ടി വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുമുണ്ട്.
സർക്കാർതലത്തിൽ അനുമതി ലഭിച്ചാൽ ഹയർസെക്കൻഡറിതലത്തിൽ പഠിപ്പിക്കാൻ ആവശ്യമായ സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങൾ തയാറാക്കുന്ന നടപടികൾ തുടങ്ങാനാകും. ഉള്ളടക്കത്തിൽ ദേശീയതലത്തിലുള്ള തുല്യത പുലർത്തിയും അവതരണത്തിൽ വേറിട്ട രീതി പിന്തുടർന്നും സ്വന്തമായി പാഠപുസ്തകങ്ങൾ തയാറാക്കാനാകുമെന്നാണ് എസ്.സി.ഇ.ആർ.ടി നിലപാട്. കരുതൽ പാഠപുസ്തകമായി കണ്ട് ആവശ്യമുള്ള ഘട്ടത്തിൽ ഇത് ഉപയോഗിക്കാനും കഴിയും. അല്ലാത്തപക്ഷം എൻ.സി.ഇ.ആർ.ടി തയാറാക്കുന്ന സിലബസ് പകരം പാഠപുസ്തകം തയാറാകുന്നത് വരെയെങ്കിലും പിന്തുടരാൻ കേരളം നിർബന്ധിതമാകുന്ന സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാനാണ് കരുതൽ പുസ്തകം വേണമെന്ന ആലോചന.
2000 ലും കേരളം സ്വന്തം പാഠപുസ്തകം തയാറാക്കി
തിരുവനന്തപുരം: പാഠപുസ്തകങ്ങൾ കാവിവത്കരിക്കാൻ ബി.ജെ.പി സർക്കാർ നേരത്തേ നടത്തിയ നീക്കങ്ങളെ കേരളം പ്രതിരോധിച്ചത് സ്വന്തം പാഠപുസ്തകങ്ങൾ തയാറാക്കി. വാജ്പേയി പ്രധാനമന്ത്രിയും മുരളി മനോഹർ ജോഷി മാനവവിഭവ ശേഷി മന്ത്രിയുമായിരിക്കെ 2000ൽ എൻ.സി.ഇ.ആർ.ടി സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങളിൽ വരുത്തിയ തിരുത്തലും കൂട്ടിച്ചേർക്കലും പ്രതിരോധിക്കാനായിരുന്നു കേരളം സ്വന്തമായി ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ വികസിപ്പിച്ചത്. ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് എന്നിവയിലായിരുന്നു എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ തയാറാക്കി സ്കൂളുകളിൽ എത്തിച്ചത്. ഒന്നാം യു.പി.എ സർക്കാർ 2004ൽ അധികാരത്തിൽ വരികയും അർജുൻ സിങ് മാനവവിഭവശേഷി മന്ത്രിയാകുകയും ചെയ്തതോടെ കാവിവത്കരണ ആശയങ്ങൾ പുറന്തള്ളി പാഠപുസ്തകം പരിഷ്കരിച്ചതോടെ കേരളവും ആ പാഠപുസ്തകം സ്വീകരിക്കുകയായിരുന്നു.
പ്രതിസന്ധി ദേശീയ മത്സര പരീക്ഷകളിൽ
സ്വന്തം നിലക്ക് പാഠപുസ്തകങ്ങൾ തയാറാക്കുമ്പോൾ കേരളത്തിന് മുന്നിലുള്ള പ്രതിസന്ധി വിവിധ ബിരുദ കോഴ്സുകൾക്ക് ദേശീയതലത്തിൽ നടത്തുന്ന മത്സര പരീക്ഷകളിൽ കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ പ്രകടനത്തെ ബാധിക്കുമോ എന്നതാണ്.
മെഡിക്കൽ പ്രവേശനത്തിന് നീറ്റും എൻജിനീയറിങ് പ്രവേശനത്തിന് ജെ.ഇ.ഇ പരീക്ഷക്കും പുറമെ കേന്ദ്രസർവകലാശാലകളിലെ പ്രവേശനത്തിനായി കോമൺ യൂനിവേഴ്സിറ്റി എൻട്രന്സ് ടെസ്റ്റും (സി.യു.ഇ.ടി) നടത്തുന്നു. മൂന്ന് പരീക്ഷകൾക്കും അടിസ്ഥാനം എൻ.സി.ഇ.ആർ.ടി സിലബസിലുള്ള ഹയർസെക്കൻഡറി പാഠപുസ്തകങ്ങളാണ്. ശാസ്ത്ര, ഗണിത ശാസ്ത്ര പാഠഭാഗങ്ങളിൽ ഇടപെടലിന് പരിമിതിയുണ്ടെങ്കിലും സാമൂഹികശാസ്ത്ര പുസ്തകങ്ങളിലെ മാറ്റങ്ങളായിരിക്കും പ്രധാന വെല്ലുവിളി. ഉള്ളടക്കത്തിൽ എൻ.സി.ഇ.ആർ.ടിയോട് തുല്യത പുലർത്തിയും അവയുടെ അവതരണത്തിൽ വേറിട്ട രീതി പിന്തുടർന്നും പ്രശ്നം മറികടക്കാനാകുമെന്നാണ് എസ്.സി.ഇ.ആർ.ടിയുടെ പ്രതീക്ഷ. സി.യു.ഇ.ടി വഴി കേന്ദ്രസർവകലാശാലകളിൽ പ്രതിവർഷം നൂറുകണക്കിന് മലയാളി വിദ്യാർഥികളാണ് പ്രവേശനം നേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.