നീറ്റ്: സംസ്ഥാന േക്വാട്ടയിൽ മത്സരമേറും
text_fieldsതിരുവനന്തപുരം: നീറ്റ് റാങ്ക് പട്ടികയുടെ മുൻനിരയിൽ കേരള പ്രാതിനിധ്യത്തിലെ വർധന സംസ്ഥാനത്തെ മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിനുള്ള മത്സരം കടുപ്പിക്കും. കഴിഞ്ഞ വർഷം പ്രവേശനം നേടിയ അവസാന റാങ്കിലുള്ള വിദ്യാർഥികൾ നേടിയ സ്കോറിന് തുല്യമായ സ്കോർ നേടിയവർക്ക് പ്രവേശനം ദുഷ്കരമാകും. ഉയർന്ന സ്കോർ നേടിയ കുട്ടികളുടെ വർധന ഇതിന് പ്രധാന കാരണമാണ്.
കഴിഞ്ഞ വർഷം സർക്കാർ മെഡിക്കൽ കോളജിൽ സ്റ്റേറ്റ് മെറിറ്റിൽ അവസാന അലോട്ട്മെൻറ് ലഭിച്ചത് കേരള റാങ്ക് പട്ടികയിലെ 864ാം റാങ്കായിരുന്നു. ഈ വിദ്യാർഥിയുടെ നീറ്റ് സ്കോർ 640 ആയിരുന്നു. എന്നാൽ ഈ വർഷം 640 സ്കോർ ലഭിച്ചവരുടെ കേരള റാങ്ക് 3545 മുതൽ 3668 വരെയാണ്. ഈ വർഷം കേരള പട്ടികയിൽ 864ാം റാങ്കിന്റെ സ്കോർ 677 ആണ്. സമാനമായ വ്യത്യാസം വിവിധ കാറ്റഗറി റാങ്ക് പട്ടികകളിലും ഉണ്ടാകും. കേരളത്തിലെ മെഡിക്കൽ സീറ്റുകളിലെ പ്രവേശനത്തിന് ഓപ്ഷൻ നൽകുന്നതിനൊപ്പം സംസ്ഥാനത്തിന് പുറത്തുള്ള മെഡിക്കൽ കോളജുകളിലേക്ക് അഖിലേന്ത്യാ ക്വോട്ടയിൽ കൂടി ശ്രമിക്കുന്നത് പ്രവേശന സാധ്യത വർധിപ്പിക്കും. www.mcc.nicയിലൂടെയാണ് അഖിലേന്ത്യാ ക്വോട്ട കൗൺസലിങ് നടപടികളിൽ പങ്കെടുക്കേണ്ടത്. പ്രവേശന നടപടികൾക്കുള്ള സമയക്രമം വെബ്സൈറ്റിലുണ്ട്.
അഖിലേന്ത്യാ ക്വോട്ട പ്രവേശനത്തിനുള്ള ഒന്നാം റൗണ്ടിലേക്ക് രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങിനും ആഗസ്റ്റ് 20 വരെയാണ് സമയം. 23ന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. 24 മുതൽ 29 വരെ പ്രവേശനം നേടാം. സെപ്റ്റംബർ ആറ് മുതൽ പത്ത് വരെയാണ് രണ്ടാം റൗണ്ടിലേക്കുള്ള ചോയ്സ് ഫില്ലിങ്. 13ന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. 14 മുതൽ 20 വരെ പ്രവേശനം നേടാം. സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള സമയക്രമവും മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം ആഗസ്റ്റ് 21നും 29നും ഇടയിൽ ആദ്യ റൗണ്ട് കൗൺസലിങ് നടപടി പൂർത്തിയാക്കണം. ഇത് അടിസ്ഥാനപ്പെടുത്തിയുള്ള കേരളത്തിലെ സമയക്രമം അടുത്ത ദിവസം പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.