നീറ്റ്: ഗൾഫിലെ ചോദ്യപേപ്പറിൽ മാറ്റം
text_fieldsദുബൈ: മെഡിക്കൽ പ്രവേശനപരീക്ഷയായ 'നീറ്റി'ന് ഗൾഫ് സെന്‍ററുകളിലെ വിദ്യാർഥികൾക്ക് നൽകിയത് നാട്ടിലേതിൽനിന്ന് വ്യത്യസ്തമായ ചോദ്യപേപ്പർ. ഇന്ത്യയിലെ മെഡിക്കൽ കോളജുകളിൽ മെഡിക്കൽ പ്രവേശനത്തിന് ഏർപ്പെടുത്തിയ ഏകജാലകസംവിധാനമായ 'നീറ്റ്' പരീക്ഷക്ക് വ്യത്യസ്ത ചോദ്യപേപ്പർ നൽകിയത് വിവേചനമാണെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നു.
കഴിഞ്ഞ വർഷം ഗൾഫ് രാജ്യങ്ങളിലെ രണ്ടു സെന്‍ററുകളിൽ പരീക്ഷ നടന്നപ്പോൾ ചോദ്യങ്ങൾ നാട്ടിലേതിന് സമാനമായിരുന്നു. എന്നാൽ, ഇത്തവണ എട്ടു കേന്ദ്രങ്ങളിലായി നടന്ന പരീക്ഷക്ക് ലഭിച്ച ചോദ്യപേപ്പർ വ്യത്യസ്തമാണ്. 'നീറ്റ്' ഉത്തരസൂചിക ഓൺലൈനിൽ പരിശോധിച്ചപ്പോഴാണ് വിദ്യാർഥികൾ പലരും ഇക്കാര്യമറിയുന്നത്. മാത്രമല്ല, ഫിസിക്സ് അടക്കമുള്ള വിഷയങ്ങളിൽ നാട്ടിലെ ചോദ്യങ്ങൾ എളുപ്പമാണെന്നും ഗൾഫിലെ സെന്‍ററുകളിൽ ലഭിച്ച ചോദ്യങ്ങൾ താരതമ്യേന പ്രയാസകരമാണെന്നും പറയുന്നു. ഇത് മൂല്യനിർണയത്തിൽ ഗൾഫ് വിദ്യാർഥികൾ പിറകിലാകാൻ കാരണമാകുമെന്നും ആശങ്കയുണ്ട്.
ചോദ്യപേപ്പർ വ്യത്യസ്തമാകുമെന്ന് അധികൃതരുടെ ഭാഗത്തുനിന്ന് അറിയിപ്പും ഉണ്ടായിരുന്നില്ല. പരീക്ഷ കഴിഞ്ഞശേഷമാണ് അധ്യാപകരും പരിശീലന സ്ഥാപനങ്ങളുമടക്കം ഇക്കാര്യം അറിയുന്നത്. ഗൾഫിലെ ചോദ്യപേപ്പറിൽ നാട്ടിലുള്ളതിനേക്കാൾ കൂടുതൽ പേജുകളുണ്ട്. അതേസമയം, പരീക്ഷ നടന്ന സമയവും ദൈർഘ്യവും ഒരേപോലെയായിരുന്നു. ചോദ്യങ്ങൾ വ്യത്യസ്തമായതിനെ സംബന്ധിച്ച് അറിയില്ലെന്നാണ് ഗൾഫ് സെന്‍ററുകളിൽനിന്ന് ലഭിക്കുന്ന പ്രതികരണം. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.