നീറ്റ്; ഒന്നാം റാങ്കുകാർ നാലുണ്ടായിരുന്നത് ഒന്നായി: കേരള റാങ്ക് പട്ടികയിലും വൻ മാറ്റം
text_fieldsതിരുവനന്തപുരം: സുപ്രീംകോടതി വിധി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നീറ്റ് -യു.ജി ഫലം പുനഃപ്രസിദ്ധീകരിച്ചപ്പോൾ റാങ്ക് പട്ടികയിൽ വൻ മാറ്റം. ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ൽ നിന്ന് 17 ആയി കുറഞ്ഞപ്പോൾ കേരളത്തിൽ നിന്നുള്ള ഒന്നാം റാങ്കുകാരുടെ എണ്ണം നാലിൽ നിന്ന് ഒന്നായി ചുരുങ്ങി. നേരത്തെ ഒന്നാം റാങ്കിൽ ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി ശ്രീനന്ദ് ഷർമിൽ മാത്രമാണ് പുതുക്കിയ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഏക ഒന്നാം റാങ്കുകാരൻ.
നേരത്തെ ഒന്നാം റാങ്കുണ്ടായിരുന്ന ദേവദർശൻ നായർക്ക് പുതുക്കിയ പട്ടികയിൽ 49ാം റാങ്കാണ്. ഒന്നാം റാങ്കുണ്ടായിരുന്ന വി.ജെ അഭിഷേകിന് 73ാം റാങ്കും അഭിനവ് സുനിൽ പ്രസാദിന് 82ാം റാങ്കുമാണ് പുതുക്കിയ റാങ്ക് പട്ടികയിൽ. നേരത്തെ ഫിസിക്സിലെ ഒരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങൾ അനുവദിച്ചതിനെ തുടർന്നും സമയനഷ്ടം വന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിച്ചതുമാണ് 67 ഒന്നാം റാങ്കുകാർ വരാൻ കാരണമായത്. ഈ രണ്ട് നടപടികളും റദ്ദാക്കിയതോടെയാണ് ഒന്നാം റാങ്കുകാരുടെ പട്ടികയിൽ നിന്ന് 50 പേർ പുറത്തുപോയത്.
ഫിസിക്സിലെ ഒരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങൾ അനുവദിച്ച നടപടി സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് കേരളത്തിൽ നിന്നുള്ള മൂന്ന് വിദ്യാർഥികൾ ഒന്നാം റാങ്കിൽ നിന്ന് പിറകോട്ടടിച്ചത്. പുതിയ പട്ടികയിൽ ഒന്നാം റാങ്ക് നിലനിർത്തിയ ശ്രീനന്ദ് ഷർമിൽ മുഴുവൻ മാർക്കും ( 720) നേടിയപ്പോൾ മറ്റ് മൂന്ന് പേർക്ക് അഞ്ച് സ്കോർ വീതം കുറഞ്ഞ് 715 ആയി. പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിൽ നിന്ന് യോഗ്യത നേടിയവരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ട്. നേരത്തെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 1,36,974 പേർ പരീക്ഷയെഴുതിയതിൽ 86,681 പേർ യോഗ്യത നേടിയത് പുതിയ പട്ടികയിൽ 32 പേർ വർധിച്ച് 86,713 ആയി.
പുതുക്കിയ പട്ടികയിൽ ദേശീയതലത്തിൽ യോഗ്യത നേടിയവരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. ആദ്യം പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം 23,33,297 പേർ പരീക്ഷയെഴുതിയതിൽ 13,16,268 പേർ യോഗ്യത നേടിയത് പുതുക്കിയ പട്ടികയിൽ 415 പേർ കുറഞ്ഞ് 13,15,853 ആയി.
ഫിസിക്സിൽ രണ്ട് ശരിയുത്തരം അനുവദിച്ച് മാർക്ക് നൽകിയ രീതി സുപ്രീംകോടതി റദ്ദാക്കിയതോടെ നേരത്തെ ലഭിച്ച മാർക്കിൽ നാല് ലക്ഷത്തോളം പേർക്ക് അഞ്ച് മാർക്കിന്റെ കുറവും വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.