മെഡിക്കൽ പ്രവേശനം: നീറ്റിൽ നിലമെച്ചപ്പെടുത്തി കേരളം
text_fieldsതിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സ് പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (നീറ്റ് -യു.ജി) പ്രകടനം മെച്ചപ്പെടുത്തി കേരളം. മുൻനിര റാങ്കുകളിൽ അഞ്ച് വർഷത്തിനിടയിലെ ഉയർന്ന എണ്ണമാണ് ഇത്തവണ. മെഡിക്കൽ പ്രവേശനത്തിനുള്ള കേരള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് കണക്കുകൾ പുറത്തുവന്നത്.
കഴിഞ്ഞ വർഷമാണ് (2023) സമീപവർഷങ്ങളിൽ കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ പേർ ഉയർന്ന റാങ്കിൽ ഇടംപിടിച്ചിരുന്നത്. അഖിലേന്ത്യാ തല റാങ്കിൽ ആദ്യ ഒരുലക്ഷം പേരിൽ ഇത്തവണ 9365 പേരാണ് കേരളത്തിൽനിന്ന് ഇടംപിടിച്ചത്; 9.36 ശതമാനം. കഴിഞ്ഞ വർഷം 8556 പേരാണ് ആദ്യ ഒരു ലക്ഷത്തിൽ കേരളത്തിൽനിന്ന് ഉണ്ടായിരുന്നത്. 809 പേരുടെ വർധന. ആദ്യ പതിനായിരം റാങ്കിൽ 995 പേരാണ് കേരളത്തിൽ നിന്ന്. കഴിഞ്ഞ വർഷം ഇത് 863 പേരായിരുന്നു. ആദ്യ അരലക്ഷം പേരിൽ 4972 പേരാണ് സംസ്ഥാനത്തുനിന്നുള്ളത്. കഴിഞ്ഞ വർഷം ഇത് 4400 പേരായിരുന്നു.
കേരളത്തിലെ ഹയർ സെക്കൻഡറി പരീക്ഷയിൽ കോവിഡ് കാലത്ത് ഏർപ്പെടുത്തിയ, നിശ്ചിത പാഠഭാഗങ്ങൾ മാത്രം തെരഞ്ഞെടുത്ത് പഠിച്ചാൽ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ സാധിക്കുന്ന ഫോക്കസ് ഏരിയ സമ്പ്രദായം പൂർണമായും ഇല്ലാതാക്കിയത് കഴിഞ്ഞ വർഷമായിരുന്നു. നീറ്റ് ഉൾപ്പെടെ ദേശീയ മത്സര പരീക്ഷകളിൽ ഏതാനും വർഷങ്ങളിൽ പിറകോട്ടടിച്ചിരുന്ന കേരളത്തിലെ വിദ്യാർഥികൾ ഇതിന് ശേഷമാണ് പ്രകടനം മെച്ചപ്പെടുത്തിത്തുടങ്ങിയത്.
ഇത്തവണ നീറ്റ് ചോദ്യങ്ങൾക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് കടുപ്പം കുറവായതും മെച്ചപ്പെട്ട പ്രകടനത്തിന് സഹായകരമായി. ഇത് ഉയർന്ന മാർക്ക് നേടുന്നവരുടെ എണ്ണത്തിലും വർധന വരുത്തി. കേരള റാങ്ക് പട്ടികയിലെ റാങ്ക്, സ്കോർ വ്യാത്യാസത്തിലും ഇത് വലിയ മാറ്റങ്ങൾ വരുത്തി. 2023ൽ 680 സ്കോർ നേടിയ വിദ്യാർഥി കേരള റാങ്ക് പട്ടികയിൽ നൂറാമതെത്തിയപ്പോൾ ഇത്തവണ 700 സ്കോർ നേടിയ വിദ്യാർഥിക്കാണ് നൂറാം റാങ്ക്.
കഴിഞ്ഞ വർഷം 655 സ്കോർ ലഭിച്ച വിദ്യാർഥിക്ക് കേരളത്തിൽ അഞ്ഞൂറാം റാങ്ക് ലഭിച്ചപ്പോൾ ഇത്തവണ 685 റാങ്കിന്റെ സ്കോർ. 1000 റാങ്കിന്റെ സ്കോർ 635ൽ നിന്ന് 675 ആയും 10,000 റാങ്കിന്റെ സ്കോർ 490 ൽനിന്ന് 573 ആയും ഉയർന്നു. 20,000 റാങ്കിലെ സ്കോർ 362 ആയിരുന്നത് 450ഉം ആയി. റാങ്കിലും സ്കോറിലും വന്ന വലിയ അന്തരം ഇത്തവണ സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനം കടുക്കാനിടയാക്കും. എന്നാൽ കേരളത്തിൽനിന്നുള്ള കുട്ടികൾക്ക് മുൻനിര റാങ്കുകളിലുണ്ടായ വർധന അഖിലേന്ത്യാ ക്വോട്ട ഉൾപ്പെടെ കേരളത്തിന് പുറത്തുള്ള മെഡിക്കൽ കോളജുകളിലെ പ്രവേശന സാധ്യത ഉയർത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.