‘നീറ്റ്’ സിലബസ് അറിഞ്ഞ് പഠിക്കണം
text_fieldsതിരുവനന്തപുരം: മെഡിക്കൽ/ഡെൻറൽ, അനുബന്ധ കോഴ്സ് പ്രവേശനത്തിന് നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ് -യു.ജി) തയാറെടുക്കുന്ന വിദ്യാർഥികൾ പരീക്ഷയുടെ സിലബസ് വിവരങ്ങൾ അറിഞ്ഞ് തയാറെടുക്കണം. ഹയർ സെക്കൻഡറി തലത്തിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി സിലബസ് അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാന പ്രവേശന പരീക്ഷ നടത്തിയിരുന്നത്. നീറ്റ് വന്നതോടെ സിലബസും മാറി.
പരീക്ഷാർഥികൾക്ക് സിലബസിനെകുറിച്ച് കൃത്യമായ ധാരണ ഉണ്ടാകണം. വിവിധ സംസ്ഥാനങ്ങളിലെ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി സിലബസും സി.ബി.എസ്.ഇ, എൻ.സി.ഇ.ആർ.ടി, കൗൺസിൽ ഒാഫ് ബോർഡ്സ് ഒാഫ് സ്കൂൾ എജുക്കേഷൻ ഇൻ ഇന്ത്യ (സി.ഒ.ബി.എസ്.ഇ) എന്നിവയുടെ സിലബസും പരിശോധിച്ചാണ് നീറ്റ് സിലബസ് നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി) ശിപാർശ ചെയ്തത്.
യോഗ്യതക്ക് 50 പെർസൈൻറൽ സ്കോർ
നീറ്റ് യോഗ്യത നേടാൻ ചുരുങ്ങിയത് 50 പെർസൈൻറൽ സ്കോർ നേടണം. എസ്.സി/ എസ്.ടി, മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒ.ബി.സി) ക്ക് 40 പെർസൈൻറലും വൈകല്യമുള്ളവർക്ക് 45 പെർസൈൻറലും മതി. ജനറൽ കാറ്റഗറിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും (ഇ.ഡബ്ല്യു.എസ്) 40 പെർസൈൻറൽ മതി.
ഉത്തരം രേഖപ്പെടുത്തിയ ഒ.എം.ആർ ഷീറ്റ് ഒാൺലൈനിൽ കാണാം
ഉത്തരം രേഖപ്പെടുത്തിയ ഒ.എം.ആർ ഷീറ്റിെൻറ സ്കാൻ ചെയ്ത പകർപ്പും മൂല്യനിർണയം നടത്തുന്ന മെഷീൻ രേഖപ്പെടുത്തിയ പ്രതികരണവും പരീക്ഷക്കുശേഷം www.ntaneet.nic.in ലൂടെ കാണാം. തീയതി പരീക്ഷക്കുശേഷം വെബ്സൈറ്റിലൂടെ അറിയിക്കും.
- ഒ.എം.ആർ ഗ്രേഡിങ്ങിൽ പരാതിയുള്ളവർക്ക് ചോദ്യം ഒന്നിന് 1000 രൂപ വീതം വെച്ച് ചോദ്യം ചെയ്യാം. പരാതി ശരിയെന്നുകണ്ടാൽ ഇതിനനുസൃതമായി പരീക്ഷ നടത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) രേഖകൾ പുതുക്കും. പരാതിക്കാർക്ക് പ്രത്യേകം അറിയിപ്പ് നൽകില്ല.
- പരീക്ഷ കഴിഞ്ഞാൽ വൈകാതെ ഉത്തരസൂചിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കും. തീയതി പിന്നീട് അറിയിക്കും.
- ഉത്തരസൂചികയിൽ പിഴവുണ്ടെങ്കിൽ ഒാരോ ഉത്തരത്തിനും 1000 രൂപ നിരക്കിൽ ഫീസടച്ച് ഒാൺലൈനായി ചോദ്യം ചെയ്യാം. പരാതി ശരിയെന്ന് കണ്ടാൽ എൻ.ടി.എ ഉത്തരസൂചികയിൽ മാറ്റം വരുത്തും. മാറ്റം വരുത്തിയ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ ഫലം. നീറ്റ് പരീക്ഷയിൽ ഉത്തരക്കടലാസ് പുനഃപരിശോധനക്ക് വ്യവസ്ഥയില്ല.
പെർസൈൻറൽ എന്നാൽ
നേടുന്ന മാർക്ക് ശതമാനത്തിൽ പരിഗണിച്ചാണ് വിവിധ പരീക്ഷകളിലെ യോഗ്യത നിശ്ചയിക്കുന്നത്. എന്നാൽ, പരീക്ഷ എഴുതുന്ന മറ്റു കുട്ടികളുടെ പ്രകടനത്തെ കൂടി അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കുന്നതാണ് പെർസൈൻറൽ. ഒരു വിദ്യാർഥിയുടെ പെർസൈൻറൽ 60ാമത് എന്ന് പറഞ്ഞാൽ പരീക്ഷയിൽ മാർക്ക് നേടിയവരിൽ 60 ശതമാനം പേരെക്കാൾ മെച്ചപ്പെട്ടതാണ് ആ വിദ്യാർഥിയുടെ പ്രകടനം എന്ന് ചുരുക്കം.
രണ്ടുപേർ ഒരേ പെർസൈൻറൽ സ്കോർ നേടിയാൽ മുൻഗണന തീരുമാനിക്കുന്ന രീതി:
- ബയോളജിക്ക് കൂടുതൽ മാർക്ക്/ പെർസൈൻറൽ സ്കോർ നേടുന്നയാൾ.
- കെമിസ്ട്രിക്ക് കൂടുതൽ മാർക്ക്/ പെർസൈൻറൽ സ്കോർ
- എഴുതിയവയിൽ തെറ്റുത്തരങ്ങളും ശരിയുത്തരങ്ങളും തമ്മിലുള്ള അനുപാതം ഏറ്റവും കുറഞ്ഞയാൾ.
- പ്രായം കൂടിയ ആൾ.
സംസ്ഥാനത്തെ സംവരണം
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽനിന്ന് അഖിലേന്ത്യ ക്വോട്ട സീറ്റ് കഴിഞ്ഞുള്ളതിൽ 60 ശതമാനത്തിലേക്ക് സ്റ്റേറ്റ് മെറിറ്റിലാണ് പ്രവേശനം. 30 ശതമാനം സീറ്റ് ഒ.ബി.സി സംവരണം. ഒമ്പത് ശതമാനം ഇൗഴവ, എട്ട് ശതമാനം മുസ്ലിം, മൂന്ന് ശതമാനം മറ്റ് പിന്നാക്ക ഹിന്ദു -മൂന്ന്, ലത്തീൻ കത്തോലിക്ക -മൂന്ന്, ധീവര/ അനുബന്ധ സമുദായം -രണ്ട്, വിശ്വകർമ/ അനുബന്ധ സമുദായം -രണ്ട്, കുശവ -ഒന്ന്, പിന്നാക്ക ക്രിസ്ത്യൻ -ഒന്ന്, കുഡുംബി -ഒന്ന് എന്നിങ്ങനെയാണ് ഒ.ബി.സി സംവരണം. എസ്.സി വിഭാഗത്തിന് എട്ടും എസ്.ടി വിഭാഗത്തിന് രണ്ടും ശതമാനം സീറ്റ് സംവരണമുണ്ട്. കഴിഞ്ഞ വർഷം മുതൽ നടപ്പാക്കിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള (ഇ.ഡബ്ല്യു.എസ്) 10 ശതമാനം സീറ്റ് സംവരണം ഇതിന് പുറത്താണ് നടപ്പാക്കിയത്.
സംവരണം വ്യത്യസ്തം
നീറ്റ്-യു.ജി പരീക്ഷയിലും കേന്ദ്രസർക്കാർ അംഗീകരിച്ച സംവരണ തത്ത്വങ്ങൾ ബാധകമാണ്. കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഇതുപ്രകാരം 10 ശതമാനം സീറ്റ് ജനറൽ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം (ഇ.ഡബ്ല്യു.എസ്) നിൽക്കുന്നവർക്കും 15 ശതമാനം എസ്.സി വിഭാഗത്തിനും 7.5 ശതമാനം എസ്.ടി വിഭാഗത്തിനും 27 ശതമാനം നോൺക്രീമിലെയർ പരിധിയിൽ വരുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും (ഒ.ബി.സി) സംവരണം ചെയ്തിട്ടുണ്ട്.
സംസ്ഥാന സർക്കാർ മെഡിക്കൽ കോളജുകളിലെ 15ശതമാനം അഖിലേന്ത്യ ക്വോട്ട ഒഴികെയുള്ള സീറ്റുകൾ, സ്വകാര്യ മെഡിക്കൽ കോളജുകളിലെ സീറ്റുകൾ എന്നിവയിലെല്ലാം അതത് സംസ്ഥാനങ്ങളിൽ പിന്തുടരുന്ന സംവരണ തത്ത്വങ്ങൾ ആണ്. എയിംസ്/ ജിപ്മെർ/ കൽപിത സർവകലാശാലകൾ/ കേന്ദ്രസർവകലാശാലകൾ/ ഇ.എസ്.െഎ കോർപറേഷനു കീഴിലുള്ള കോളജുകൾ/ ഡൽഹി യൂനിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി (ബി.എച്ച്.യു), അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി എന്നിവക്ക് കീഴിലുള്ള മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ആേരാഗ്യമന്ത്രാലയത്തിെല ഡി.ജി.എച്ച്.എസിന് കീഴിലെ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) യായിരിക്കും. ഇൗ സ്ഥാപനങ്ങളിൽ പിന്തുടരുന്ന സംവരണതത്വമായിരിക്കും ബാധകം.
പുണെയിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ് (എ.എഫ്.എം.സി) പ്രവേശനത്തിനും നീറ്റ് റാങ്ക് പട്ടിക തന്നെയാണ് അടിസ്ഥാനം. ഇവിടെ പ്രവേശനം പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഒാഫ് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവിസസ് നിശ്ചയിക്കുന്ന മാനദണ്ഡം അടിസ്ഥാനപ്പെടുത്തിയാണ്. എ.എഫ്.എം.സി പ്രവേശനം ആഗ്രഹിക്കുന്നവർ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനൊപ്പം www.afmc.nic.in/www.afmcdg1d.gov.in വഴി പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്കായി എ.എഫ്.എം.സി രണ്ടാംഘട്ട സ്ക്രീനിങ് ടെസ്റ്റ് നടത്തും. കൗൺസലിങ് നടപടികൾ ഡി.ജി.എച്ച്.എസ് ആയിരിക്കും നടത്തുക.
പൂർണ സിലബസിെൻറ പകർപ്പ് ഇവിടെ
www.ntaneet.nic.in ലുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലും https://www.mciindia.org/documents/neet/FinalCoreSyllabus_NEET-UG.pdf എന്ന ലിങ്കിലും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.