നീറ്റ് പരീക്ഷ മേയ് 7ന്
text_fieldsറിയാദ്: 2023-24 അധ്യയന വർഷത്തെ പുതിയ പരീക്ഷകളുടെ സമയക്രമം സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര പരീക്ഷ ഏജൻസി (എൻ.ടി.എ) പുറത്തിറക്കി. ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കും ഗവേഷണ സ്ഥാപനങ്ങളിലേക്കും നിശ്ചിത മാനദണ്ഡപ്രകാരം പ്രവേശന പരീക്ഷകളും മൂല്യനിർണയവും നടത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വതന്ത്ര പരമാധികാര സ്ഥാപനമാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). നീറ്റ് പ്രവേശനമടക്കം അഞ്ച് പരീക്ഷകളുടെ തീയതികളാണ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രഖ്യാപനത്തിലുള്ളത്.
ജോയൻറ് എൻട്രൻസ് എക്സാം (ജെ.ഇ.ഇ) ജനുവരി 24 മുതൽ 31 വരെ ആദ്യ സെഷനും ഏപ്രിൽ ആറ് മുതൽ 12 വരെ രണ്ടാം സെഷനും നടക്കും. എൻജിനീയറിങ്, ആർക്കിടെക്ചർ എന്നിവയിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണിത്. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾചറൽ റിസർച് എൻട്രൻസ് പരീക്ഷകൾ ഏപ്രിൽ 26 മുതൽ 29 വരെയും നടക്കും. പ്രവാസലോകത്തുനിന്ന് ധാരാളം കുട്ടികൾ ഈ പരീക്ഷകൾ എഴുതാറുണ്ട്. നീറ്റ് പരീക്ഷക്ക് സൗദി അറേബ്യയിലും 2022 മുതൽ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ പരീക്ഷയിൽ സൗദിയിൽനിന്ന് നിരവധി പേർ എഴുതിയിരുന്നു.
മലയാളികളടക്കം നിരവധി വിദ്യാർഥികൾ എഴുതുന്ന നീറ്റ് പരീക്ഷ മേയ് 7നാണ് നിശ്ചയിച്ചിട്ടുള്ളത്. സർക്കാർ സ്വകാര്യ കോളജുകളിൽ മെഡിക്കൽ, ഡെൻറൽ കോഴ്സുകളായ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുവേണ്ടിയുള്ള പ്രവേശന പരീക്ഷയാണിത്. സൗദിയിൽ റിയാദിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലായിരുന്നു ഏക പരീക്ഷ കേന്ദ്രം പ്രവർത്തിച്ചത്. മുന്നൂറോളം കുട്ടികളാണ് ഇവിടെ കഴിഞ്ഞ നീറ്റ് പരീക്ഷ എഴുതിയത്.
കേന്ദ്ര യൂനിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശനത്തിനായുള്ള കോമൺ യൂനിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് മേയ് 21 മുതൽ 31 വരെയാണ് നടക്കുന്നത്. കഴിഞ്ഞ വർഷം മുതലാണ് ഈ യോഗ്യത പരീക്ഷ ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക് www.nta.ac.in സന്ദർശിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.