നീറ്റ് -എം.ഡി.എസ് മാർച്ച് ഒന്നിന്; ഓൺലൈൻ അപേക്ഷ ജനുവരി 30നകം
text_fieldsഡെന്റൽ പി.ജി കോഴ്സിലേക്കുള്ള നാഷനൽ എലിജിബിലിറ്റി -കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് -എം.ഡി.എസ് 2023) മാർച്ച് ഒന്നിന് നടത്തും.
വിജ്ഞാപനം, ഇൻഫർമേഷൻ ബുള്ളറ്റിൻ https://natboard.edu.inൽനിന്നും ഡൗൺലോഡ് ചെയ്യാം. പരീക്ഷാഫീസ് 4250 രൂപ. SC/ST/PWD വിഭാഗങ്ങൾക്ക് 3250 രൂപ. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫീസ് അടക്കാം. അപേക്ഷ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. ജനുവരി 30വരെ അപേക്ഷ സ്വീകരിക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം ലഭിക്കും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവ കേന്ദ്രങ്ങളാണ്.
അംഗീകൃത ബി.ഡി.എസ് ബിരുദവും ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. രാവിലെ ഒമ്പത് മുതൽ ഉച്ച 12വരെയാണ് പരീക്ഷ. 8.30 മണിക്കകം റിപ്പോർട്ട് ചെയ്യണം. ഫെബ്രുവരി 22ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഫലപ്രഖ്യാപനം മാർച്ച് 31ന്.
നീറ്റ്-എം.ഡി.എസ് 2023 റാങ്കുകാർക്ക് മാസ്റ്റർ ഇൻ ഡെന്റൽ സർജറി കോഴ്സിൽ 50 ശതമാനം ഓൾ ഇന്ത്യ ക്വോട്ട സീറ്റുകളിലും സ്റ്റേറ്റ് ക്വോട്ട, രാജ്യത്തെ സ്വകാര്യ ഡെന്റൽ കോളജുകൾ, സ്ഥാപനങ്ങൾ, വാഴ്സിറ്റികൾ, ആംഡ് ഫോഴ്സസ് മെഡിക്കൽ സർവിസസ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പ്രവേശനത്തിന് അർഹതയുണ്ട്. ആർമി ഡെന്റൽ കോർപ്സിൽ ഷോർട്ട് സർവിസ് കമീഷൻ വഴി ഡെന്റൽ സർജനാകാനുള്ള സ്ക്രീനിങ് പരീക്ഷ കൂടിയാണിത്. അതേസമയം, ന്യൂഡൽഹി എയിംസിലെ ‘എം.ഡി.എസ്’ പ്രവേശനം നീറ്റ് എം.ഡി.എസിന്റെ പരിധിയിൽപെടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.