നീറ്റ് ഉയർന്ന സ്കോറുകാർ വർധിച്ചു; മെഡിക്കൽ പ്രവേശനം കടുക്കും
text_fieldsതിരുവനന്തപുരം: നീറ്റ് -യു.ജി പരീക്ഷയിൽ ഉയർന്ന സ്കോർ ലഭിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നതോടെ കേരളത്തിൽ ഉൾപ്പെടെ മെഡിക്കൽ പ്രവേശനം കടുപ്പമേറിയതാക്കും. കഴിഞ്ഞ വർഷം ഗവ. മെഡിക്കൽ കോളജുകളിൽ അവസാനം പ്രവേശനം ലഭിച്ച നീറ്റ് സ്കോർ പരിസരത്തുള്ളവർക്ക് പോലും ഇത്തവണ പ്രവേശനം ലഭിക്കില്ലെന്ന് ഏറക്കുറെ ഉറപ്പാണ്. ദേശീയതലത്തിൽ ഇത്തവണ 720 മാർക്കും നേടി ഒന്നാം റാങ്കിലെത്തിയ 67 പേരിൽ നാലുപേർ കേരളത്തിലാണ്. കേരളത്തിൽ 700ഉം അതിനു മുകളിലും മാർക്ക് നേടിയവർ 250നും 300നും ഇടയിലുണ്ടെന്നാണ് ഏകദേശ കണക്ക്. 675 മാർക്കുള്ളവർ 2000ത്തോളം പേരുണ്ട്. 650 മാർക്കും അതിനു മുകളിലുള്ളവരുടെയും എണ്ണം 3000ത്തിന് മുകളിലാണ്. സംസ്ഥാനത്തെ 12 സർക്കാർ മെഡിക്കൽ കോളജുകളിൽ ആകെയുള്ള എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 1755 ആണ്. ഇതിൽ 261 സീറ്റുകൾ അഖിലേന്ത്യ ക്വോട്ടയിലേക്ക് നൽകും. ഇതിനു പുറമെ, വിവിധ നോമിനി സീറ്റുകൾ കൂടി പരിഗണിച്ചാൽ ആകെ 329 സീറ്റുകൾ സംസ്ഥാന ക്വോട്ടയിൽനിന്ന് കുറയും. ഇതുകൂടി പരിഗണിച്ചാൽ 1426 സീറ്റുകളാണ് സംസ്ഥാന ക്വോട്ടയിൽ അലോട്ട്മെന്റിന് ലഭിക്കുക. ഇതിൽ 50 ശതമാനം സീറ്റുകൾ സ്റ്റേറ്റ് മെറിറ്റിലും 50 ശതമാനം വിവിധ സംവരണ ക്വോട്ടയിലുമായിരിക്കും. സ്റ്റേറ്റ് മെറിറ്റിൽ 713 സീറ്റുകളായിരിക്കും അലോട്ട്മെന്റിനുണ്ടാവുക. ഈ വർഷം 685ന് താഴെ സ്കോർ ലഭിച്ചവർക്ക് സ്റ്റേറ്റ് മെറിറ്റിൽ പ്രവേശനത്തിന് സാധ്യത കുറവായിരിക്കും.
കഴിഞ്ഞ വർഷം സംസ്ഥാന ക്വോട്ട പ്രവേശനത്തിൽ മൂന്നാം അലോട്ട്മെന്‍റ് പൂർത്തിയായപ്പോൾ അവസാന അലോട്ട്മെന്‍റ് ലഭിച്ച 865ാം റാങ്കുള്ള (നീറ്റ് റാങ്ക് 10122) വിദ്യാർഥിയുടെ നീറ്റ് സ്കോർ 640 ആയിരുന്നു. ഉയർന്ന നീറ്റ് സ്കോറുകാരുടെ എണ്ണം കുത്തനെ ഉയർന്നത് വിവിധ സംവരണ സീറ്റുകളിൽ പ്രവേശനം നേടുന്നവരുടെ സാധ്യതയെയും ബാധിക്കും. കഴിഞ്ഞ വർഷം ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ 585 സ്കോർ നേടുകയും 3334 ാം റാങ്ക് നേടുകയും (നീറ്റ് റാങ്ക് 38115) ചെയ്ത വിദ്യാർഥിക്കാണ് അവസാനം അലോട്ട്മെന്‍റ് ലഭിച്ചത്. ഈഴവ സംവരണത്തിൽ 612 സ്കോറിൽ സംസ്ഥാന റാങ്ക് 1822ൽ എത്തിയ (നീറ്റ് റാങ്ക് 22269) വിദ്യാർഥിക്കാണ് അവസാന അലോട്ട്മെന്‍റ് ലഭിച്ചത്. മുസ്ലിം സംവരണത്തിൽ ഇത് 626 സ്കോറും സംസ്ഥാന റാങ്ക് 1313 ഉം (നീറ്റ് റാങ്ക് 15448) ആയിരുന്നു.
അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ ഇതര സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളജുകളിലെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തുന്നതിനനുസൃതമായിരിക്കും സംസ്ഥാനത്തെ വിദ്യാർഥികളുടെ പ്രവേശന സാധ്യത. ഒരേ സ്കോറിൽ വരുന്ന കുട്ടികളുടെ എണ്ണവും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ തോതിൽ ഉയർന്നിട്ടുണ്ട്. ഇതും മെച്ചപ്പെട്ട സ്കോർ ലഭിച്ചവരുടെ പ്രവേശന സാധ്യത ഇല്ലാതാക്കും. സർക്കാർ കോളജുകളിൽ സീറ്റ് ലഭിക്കാത്ത സാഹചര്യം സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജിലെ പ്രവേശനത്തെയും സ്വാധീനിക്കും. ഇവിടെയും താരതമ്യേന ഉയർന്ന നീറ്റ് സ്കോർ ലഭിച്ചവർക്കായിരിക്കും പ്രവേശനത്തിനുള്ള സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.