നീറ്റ്-പി.ജി 2024: കൗൺസലിങ് നടപടികളുമായി എം.സി.സി
text_fieldsനീറ്റ്-പി.ജി 2024 റാങ്കടിസ്ഥാനത്തിൽ അഖിലേന്ത്യ മെഡിക്കൽ പി.ജി കോഴ്സുകളിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) ഓൺലൈൻ കൗൺസലിങ്, അലോട്ട്മെന്റ് നടപടികൾ ഉടൻ ആരംഭിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റായ www.mcc.nic.inൽ പ്രസിദ്ധപ്പെടുത്തും. ഓൺലൈൻ കൗൺസലിങ് രജിസ്ട്രേഷൻ, ചോയിസ് ഫില്ലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകളുടെ പ്രവേശന നടപടികളടങ്ങിയ കൗൺസലിങ് ഇൻഫർമേഷൻ ബ്രോഷറും വെബ്സൈറ്റിൽ ലഭ്യമാകും.
നീറ്റ്-പി.ജി 2024 ഫലം ആഗസ്റ്റ് 23ന് പ്രസിദ്ധീകരിച്ചിരുന്നു. ജനറൽ/ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ 50, ജനറൽ പി.ഡബ്ല്യു.ബി.ഡി-45, എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗത്തിൽ 40 കട്ട് ഓഫ് പെർസെൈന്റൽ നേടിയവരാണ് റാങ്ക്‍ലിസ്റ്റിലുള്ളത്. മെഡിക്കൽ പി.ജി 50 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്ക് പ്രത്യേകം മെറിറ്റ് സ്ഥാനം നിശ്ചയിച്ചായിരിക്കും അലോട്ട്മെന്റ്.
റാങ്ക്‍ലിസ്റ്റിലുള്ളവർക്ക് നീറ്റ്-പി.ജി 2024 സ്കോർ കാർഡ് www.nbe.edu.inൽനിന്ന് ആഗസ്റ്റ് 31 മുതൽ ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡ്, സ്കോർ കാർഡ്, ഇന്റേൺഷിപ് കംപ്ലീഷൻ സർട്ടിഫിക്കറ്റ്, ബിരുദ സർട്ടിഫിക്കറ്റ്, പ്രാബല്യത്തിലുള്ള ഫോട്ടോ ഐ.ഡി, ജനനതീയതി തെളിയിക്കുന്ന പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഡിസെബിലിറ്റി/ജാതി/ഒ.ബി.സി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (ആവശ്യമുള്ളവർ മാത്രം) എന്നിവ ഓൺലൈൻ കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിന് ആവശ്യമാണ്. ചോയിസ് ഫില്ലിങ്, ലോക്കിങ് അടക്കം സമയബന്ധിതമായി www.mcc.nic.inൽ രജിസ്റ്റർ ചെയ്യുന്നവർക്കാണ് കൗൺസലിങ്ങിൽ പങ്കെടുക്കാവുന്നത്. അലോട്ട്മെന്റിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളും കോഴ്സുകളും വെബ്സൈറ്റിലുണ്ടാവും.
2024-25 വർഷത്തെ മെഡിക്കൽ പി.ജി (എം.ഡി/എം.എസ്/ഡി.എച്ച്.ബി/ഡിപ്ലോമ) കോഴ്സുകളിൽ 50 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലും കേന്ദ്ര സർവകലാശാലകളുടെയും കൽപിത സർവകലാശാലകളുടെയും മെഡിക്കൽ പി.ജി സീറ്റുകളിലും ഡി.എൻ.ബി അഖിലേന്ത്യ ഓപൺ സീറ്റുകളിലും നീറ്റ്-പി.ജി റാങ്കടിസ്ഥാനത്തിൽ എം.സി.സി കൗൺസലിങ് വഴിയാണ് പ്രവേശനം.
എന്നാൽ, ന്യൂഡൽഹി അടക്കമുള്ള എയിംസുകൾ, പിജിമെർ ചണ്ഡിഗഢ്, ജിപ്മെർ പുതുച്ചേരി, നിംഹാൻസ് ബംഗളൂരു, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം എന്നിവ നീറ്റ്-പി.ജി/എം.സി.സി കൗൺസലിങ്ങിന്റെ പരിധിയിൽ പെടില്ല. ദേശീയ സ്ഥാപനങ്ങളായ ഇവയുടെ മെഡിക്കൽ പി.ജി കോഴ്സുകളിലേക്ക് എയിംസ് ന്യൂഡൽഹിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക പ്രവേശന നടപടികളുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.