നാളെ നടക്കാനിരുന്ന നീറ്റ്-പി.ജി പരീക്ഷ മാറ്റിവെച്ചു
text_fieldsന്യൂഡൽഹി: ഞായറാഴ്ച നടക്കാനിരുന്ന നീറ്റ്-പി.ജി പരീക്ഷ മാറ്റിവെച്ചു. നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ നീറ്റ്-യു.ജി, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ വൻ വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് നീറ്റ്-പി.ജി പരീക്ഷ മാറ്റിയത്. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും.
പരീക്ഷ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിലാണ് പരീക്ഷ മാറ്റിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരീക്ഷ മാറ്റിയതിൽ വിദ്യാർഥികൾക്കുണ്ടാവുന്ന അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
മേയ് അഞ്ചിന് 24 ലക്ഷം വിദ്യാർഥികൾ എഴുതിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജിയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായ വിവരം പുറത്തുവന്നിരുന്നു. ജൂൺ നാലിനാണ് നീറ്റ്-യു.ജി ഫലം പ്രസിദ്ധീകരിച്ചത്. 67 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചിരുന്നു. ചോദ്യപേപ്പർ ചോർന്നെന്നും പരീക്ഷയിൽ ക്രമക്കേടുണ്ടായെന്നും വ്യാപക പരാതിയുയർന്നു. ചില പരിശീലന കേന്ദ്രങ്ങളിൽ പഠിച്ചവർക്ക് ഉയർന്ന റാങ്കുകൾ ലഭിച്ചതും സംശയമുയർത്തി. നീറ്റ് പരീക്ഷയിൽ ചിലയിടങ്ങളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സമ്മതിച്ചിരുന്നു.
ഇതിന് പിന്നാലെ, എൻ.ടി.എ നടത്തിയ നെറ്റ് പരീക്ഷ റദ്ദാക്കുകയും ചെയ്തു. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്നാണ് നെറ്റ് പരീക്ഷ റദ്ദാക്കിയത്. ഇതോടെ, എൻ.ടി.എയുടെ പരീക്ഷ നടത്തിപ്പിൽ രാജ്യവ്യാപക പ്രതിഷേധമുയരുകയും സർക്കാർ സമ്മർദത്തിലാവുകയും ചെയ്തിരുന്നു. തുടർന്ന്, എൻ.ടി.എ ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് സുബോധ് കുമാർ സിങ്ങിനെ മാറ്റിയിരിക്കുകയാണ്. പകരം പ്രദീപ് സിങ് കരോളയ്ക്ക് താൽക്കാലിക ചുമതല നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.