നീറ്റ് യു.ജി: പ്രവേശന സാധ്യത എങ്ങനെ?
text_fieldsനീറ്റ് യു.ജി 2024 പരീക്ഷയുടെ ഫലം വന്നുകഴിഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി മുന്‍നിര റാങ്കില്‍ ധാരാളം പേര്‍ കടന്നുകൂടിയ വര്‍ഷമാണിത്. 2023ല്‍ മുഴുവൻ മാർക്കും (720) വാങ്ങി ഒന്നാം റാങ്കുകാരായത് രണ്ടുപേരാണെങ്കില്‍ ഇപ്രാവശ്യം അത് 67 പേരാണ്. ഈ വര്‍ഷം 640 മാര്‍ക്ക് നേടിയ ഒരു കുട്ടിയുടെ അഖിലേന്ത്യ റാങ്ക് 38,886 ആണെങ്കില്‍ അതേ മാര്‍ക്ക് കഴിഞ്ഞവര്‍ഷം നേടിയ വിദ്യാര്‍ഥിയുടെ റാങ്ക് 9787 ആയിരുന്നു. ഈയൊരു മാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 29,000ത്തിലധികം വിദ്യാര്‍ഥികള്‍ ഈവര്‍ഷം കൂടുതല്‍ വന്നിട്ടുണ്ടെന്നർഥം. ഈ വര്‍ഷം 651 മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥിയുടെ റാങ്ക് 28,236 ആണെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ മാർക്കിന്റെ റാങ്ക് 6764 ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21,000 വിദ്യാര്‍ഥികള്‍ കൂടിയിട്ടുണ്ട് ഈ വര്‍ഷത്തെ റാങ്ക് നിരയില്‍.
കഴിഞ്ഞ വര്‍ഷം സ്ട്രേ വേക്കന്‍സി അലോട്മെന്റില്‍ ഏറ്റവും അവസാനം പ്രവേശനം ലഭിച്ചത് 23,675ാം റാങ്കിനാണ്. 2022ല്‍ അത് 22,721 ആയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തെയും അവസാന റാങ്കുകള്‍ തമ്മിലുള്ള വ്യത്യാസം ആയിരത്തില്‍ താഴെ മാത്രമാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ വര്‍ഷവും അവസാന റാങ്കുകള്‍ തമ്മിലുള്ള വ്യത്യാസം 1000-1500ല്‍ ഒതുങ്ങാനാണ് സാധ്യത. പരമാവധി 25,000 റാങ്ക് വരെയാണ് ഈ പ്രാവശ്യം അവസാന അലോട്മെന്റ് വഴി പ്രവേശനം നേടുന്നതെങ്കില്‍, 655-660 മാര്‍ക്കില്‍ വരുന്നവര്‍ക്കേ അഖിലേന്ത്യാതലത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാകൂ. കേരളത്തിലെ റാങ്ക് സാധ്യത, പ്രവേശന സാധ്യത എന്നിവയില്‍ കൃത്യമായി വിലയിരുത്താൻ കീം റാങ്ക് വരണം. കഴിഞ്ഞവര്‍ഷം പരീക്ഷ എഴുതിയ 20.87 ലക്ഷം വിദ്യാര്‍ഥികളില്‍ 11.45 ലക്ഷമാണ് യോഗ്യത നേടിയതെങ്കില്‍ ഈ വര്‍ഷം 23.33 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുകയും 13.16 ലക്ഷം യോഗ്യരാവുകയും ചെയ്തു. പക്ഷേ ആനുപാതികമായി ഇത് വലിയ വർധനയല്ല. ഈ വര്‍ഷം പരീക്ഷ എഴുതിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടി എന്നതുമാത്രമല്ല കാരണം. പരീക്ഷ താരതമ്യേന കൂടുതല്‍ എളുപ്പമായതും അതുവഴി യോഗ്യത നേടിയവരുടെ എണ്ണം ഈ വര്‍ഷം കൂടിയതും കാരണമാണ്.
720ല്‍ 718, 719 മാര്‍ക്ക് വാങ്ങിയവർ ഇത്തവണ റാങ്ക്‍ലിസ്റ്റിലുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാം ശരിയാവുകയും ചെയ്തവർക്കോ ഒരെണ്ണം ഒഴിച്ച് എല്ലാം അറ്റന്‍ഡ് ചെയ്യുകയും അതെല്ലാം ശരിയാവുകയും ചെയ്‌താല്‍ പോലും 715-716 മാര്‍ക്ക് മാത്രമേ വരൂ എന്നതാണ് വസ്തുത എന്നിരിക്കെ ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യം അവശേഷിക്കുന്നു. ചില പരീക്ഷ കേന്ദ്രങ്ങളില്‍ സമയം കിട്ടാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടിവന്നു എന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത് എന്നൊരു വാദം വന്നിട്ടുണ്ട്. എന്തായാലും ഇത്തരം ഒരു പ്രശ്നം ഉണ്ടെങ്കില്‍ അത് ഔദ്യോഗികമായും നിയമപരമായും നേരിടേണ്ട വിഷയമാണ്.●
വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട ചില അടിയന്തര കാര്യങ്ങള്‍
- നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തില്‍, മെഡിക്കല്‍ കൗൺസലിങ് കമ്മിറ്റി അഥവാ എം.സി.സി അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനം കേന്ദ്രീകൃതമായി നടത്തും. അഖിലേന്ത്യ തലത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഈ അലോട്മെന്റ് പ്രക്രിയയിൽ പങ്കെടുക്കണം.
- എം.ബി.ബി.എസ്, ബി.ഡി.എസ്, നഴ്സിങ് ബിരുദതല കോഴ്സുകളുടെ പ്രവേശനം ഈ പ്രവേശന പ്രക്രിയയിലൂടെയാണ് നടക്കുന്നത്.
- ഈ കോഴ്സുകള്‍ക്ക് പ്രവേശനം നല്‍കുന്നത് സംസ്ഥാന, കേന്ദ്ര തല സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, കേന്ദ്രതല നഴ്സിങ് സ്ഥാപനങ്ങള്‍, സ്വകാര്യ ഡീംഡ് സര്‍വകലാശാലകള്‍ എന്നിവയിലാണ്.
- പോണ്ടിച്ചേരി ജിപ്മറിലെ വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് നീറ്റ് റാങ്കിനെ അടിസ്ഥാനമാക്കിയാണ് പ്രവേശനം. അതുകൊണ്ട് ജിപ്മര്‍ നടത്തുന്ന പ്രവേശന നടപടിക്രമങ്ങള്‍ക്ക് അപേക്ഷ നല്‍കേണ്ടതുണ്ട്, അത് ജിപ്മര്‍ വെബ്സൈറ്റില്‍ യഥാസമയം പ്രസിദ്ധീകരിക്കുന്നതാണ്.
- വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് -വി.സി.ഐ -കീഴില്‍ വിവിധ കോളജുകളിലായി അഖിലേന്ത്യ തലത്തില്‍ സംവരണംചെയ്ത വെറ്ററിനറി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം വി.സി.ഐ നേരില്‍ നടത്തുന്നതാണ്. യഥാസമയം അത് വെബ്സൈറ്റ് വഴി അറിയിക്കുന്നതാണ്.
- കേരളത്തില്‍ വിവിധ സര്‍ക്കാര്‍, സ്വാശ്രയ കോളജുകളിലായി നല്‍കിവരുന്ന എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുര്‍വേദ, ഹോമിയോ, യുനാനി, സിദ്ധ മെഡിക്കല്‍ കോഴ്സുകള്‍ വെറ്ററിനറി, അഗ്രിക്കള്‍ചര്‍, ഫിഷറീസ്, ഫോറസ്ട്രി മുതലായ അനുബന്ധ കോഴ്സുകള്‍ എന്നിവയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ കേരള എൻട്രൻസ് കമീഷണർ പ്രത്യേക അലോട്മെന്റ് പ്രോസസിലൂടെ നടത്തുന്നതാണ്.
- ഈ പ്രവേശന നടപടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യമേ അപേക്ഷ നല്‍കിയവര്‍ ആയിരിക്കണം.
- നീറ്റ് റാങ്ക്, കീം സൈറ്റില്‍ സമര്‍പ്പിച്ച് കേരള റാങ്ക് ആക്കി മാറ്റിയതിന് ശേഷമാണ് ഈ നടപടിക്രമങ്ങള്‍ ആരംഭിക്കുക. യഥാസമയം നീറ്റ് മാര്‍ക്ക് കീം സൈറ്റില്‍ സമര്‍പ്പിക്കാനും പ്രവേശന നടപടിക്രമങ്ങളില്‍ കൃത്യമായി പങ്കെടുക്കാനും ശ്രദ്ധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.