നീറ്റ്-യു.ജി 2024 എം.സി.സി കൗൺസലിങ്: രണ്ടാംഘട്ട രജിസ്ട്രേഷൻ 5-10 വരെ
text_fieldsഎം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്സി (നഴ്സിങ്) കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അഖിലേന്ത്യ ക്വോട്ട എം.സി.സി ഓൺലൈൻ കൗൺസലിങ്, രജിസ്ട്രേഷൻ നടപടികൾ ബുധനാഴ്ച തുടങ്ങും. കൗൺസലിങ്ങിൽ പങ്കെടുക്കുന്നതിന് ചോയിസ് ഫില്ലിങ് അടക്കം പുതുതായി രജിസ്റ്റർ ചെയ്യണം.
ആദ്യ റൗണ്ടിൽ സീറ്റ് അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ലഭിച്ച സീറ്റ് രേഖാ പരിശോധനവേളയിൽ റദ്ദായവർക്കും അലോട്ട്മെന്റ് ലഭിച്ച സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്ത് രണ്ടാം റൗണ്ട് അപ്ഗ്രഡേഷന് സമ്മതം നൽകിയവർക്കും അലോട്ട്മെന്റ് ലഭിച്ച സീറ്റിൽ പ്രവേശനം നേടാത്തവർക്കും ഒന്നാംഘട്ട അലോട്ട്മെന്റ് സീറ്റ് നിരസിച്ചവർക്കുമാണ് രണ്ടാംഘട്ട ഓൺലൈൻ കൗൺസലിങ്ങിൽ പങ്കെടുക്കാൻ അർഹതയുള്ളത്. യോഗ്യതാ മാനദണ്ഡങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളില്ലാത്തവരെയും ഒന്നും രണ്ടും റൗണ്ടുകളിലേക്കുള്ള കൗൺസലിങ്ങിലേക്ക് രജിസ്റ്റർ ചെയ്യാത്തവരെയും പരിഗണിക്കില്ല.
രണ്ടാംഘട്ട കൗൺസലിങ്ങിലേക്കുള്ള രജിസ്ട്രേഷൻ സൗകര്യം www.mcc.nic.inൽ സെപ്റ്റംബർ 5 മുതൽ 10 വരെ ലഭിക്കും. ഫീസ് പേയ്മെന്റ്, ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികൾ പൂർത്തിയാക്കണം. രണ്ടാം സീറ്റ് അലോട്ട്മെന്റ് സെപ്റ്റംബർ 13ന് പ്രസിദ്ധപ്പെടുത്തും. 14 മുതൽ 20 വരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.
മൂന്നാം റൗണ്ട് കൗൺസലിങ് നടപടികൾ സെപ്റ്റംബർ 25ന് ആരംഭിക്കും. 26 മുതൽ ഒക്ടോബർ രണ്ടുവരെ രജിസ്ട്രേഷൻ, ഫീസ് പേയ്മെന്റ്, ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികൾ പൂർത്തിയാക്കണം. ഒക്ടോബർ അഞ്ചിന് സീറ്റ് അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. 6-12 വരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.
കൗൺസലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകളും പ്രവേശന നടപടിക്രമങ്ങളുമടങ്ങിയ നീറ്റ്-യു.ജി 2024 എം.സി.സി കൗൺസലിങ് ഇൻഫർമേഷൻ ബുള്ളറ്റിനും www.mcc.nic.inൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.