നീറ്റ്-യു.ജി 2024: കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ നീറ്റ് യു.ജി പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ)ക്കെതിരായ കേസിൽ തുടർ നടപടികൾ എടുക്കാതെ അവസാനിപ്പിച്ച് സുപ്രീം കോടതി. വിദഗ്ധ സമിതി മുന്നോട്ടുവെച്ച നിർദേശങ്ങൾ പ്രകാരം പരീക്ഷ പരിഷ്കരണം നടപ്പാക്കാമെന്ന് കേന്ദ്രം നൽകിയ ഉറപ്പു പരിഗണിച്ചാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്മാല ബാഗ്ച്ചി എന്നിവരടങ്ങിയ ബെഞ്ച് കേസ് തീർപ്പാക്കിയത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ നിർദേശങ്ങളും കോടതി പരിഗണനക്കെടുത്തു.
ഏഴംഗ വിദഗ്ധ സമിതിയുടെ നിർദേശങ്ങളിൽ നീറ്റ് പരീക്ഷ എൻ.ടി.എ ഓൺലൈനായി നടത്തുമെന്നത് ഒഴിച്ച് എല്ലാം കേന്ദ്രം സ്വീകരിച്ചിരുന്നു. രാജ്യത്തുടനീളം 26 ലക്ഷം വിദ്യാർഥികൾ എഴുതുന്ന പരീക്ഷക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും നിലവിൽ ഉറപ്പാക്കാനാകില്ലെന്നതിനാൽ അത് നടപ്പാക്കുന്നത് പിന്നീട് പരിഗണിക്കും. കഴിഞ്ഞ വർഷത്തെ നീറ്റ് പരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ ആരോപിച്ച് പരീക്ഷ റദ്ദാക്കാനും വീണ്ടും നടത്താനും ആവശ്യപ്പെട്ട് പരാതി ഉയർന്നിരുന്നു. എന്നാൽ, പരീക്ഷയുടെ സത്യസന്ധതയെ അപകടത്തിലാക്കുന്ന ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടില്ലെന്നുകാണിച്ച് പരീക്ഷ റദ്ദാക്കാൻ സുപ്രീം കോടതി ആഗസ്റ്റിൽ വിസമ്മതിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.