എൻജിനീയറിങ് കോളജുകളിൽ നൂതന കോഴ്സുകൾ
text_fieldsതിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലക്ക് കീഴിലെ 21 കോളജുകളിൽ 27 ബി. ടെക്, 13 എം.ടെക് കോഴ്സുകൾ ഈ അധ്യയനവർഷം ആരംഭിക്കാൻ സിൻഡിക്കേറ്റ് അനുമതി. ഇതിൽ മൂന്ന് സർക്കാർ, രണ്ട് എയ്ഡഡ്, മൂന്ന് സർക്കാർ നിയന്ത്രിത സ്വാശ്രയ, 13 സ്വകാര്യ സ്വാശ്രയ കോളജുകൾ ഉൾപ്പെടുന്നു.
തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസിന് പുതുതായി 60 സീറ്റുകൂടി അനുവദിക്കും. ഇതോടൊപ്പം ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, പവർ ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ എം.ടെക് കോഴ്സുകൾക്ക് 18 സീറ്റ് വീതവും അനുവദിച്ചിട്ടുണ്ട്.
തൃശൂർ ഗവൺമെൻറ് എൻജി. കോളജിൽ 18 സീറ്റുകൾ വീതമുള്ള അഞ്ച് എം.ടെക് കോഴ്സുകൾക്ക് അനുമതി നൽകി. ഇൻഡസ്ട്രിയൽ എൻജിനീയറിങ്, വി.എൽ.എസ്.ഐ, ഇൻസ്ട്രുമെേൻറഷൻ, ഹെൽത്ത് സേഫ്റ്റി, ജിയോ ടെക്നിക്കൽ എന്നിവയാണ് കോഴ്സുകൾ.
പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളജിൽ 60 സീറ്റോടെ ബി.ടെക് സിവിൽ എൻജിനീയറിങ്ങും 18 സീറ്റുകൾ വീതമുള്ള എം.ടെക് റോബോട്ടിക്സ്, ഇൻറർനെറ്റ് ഒാഫ് തിങ്സ് (ഐ.ഒ.ടി) എന്നിവക്കും അനുമതി നൽകി.
എയ്ഡഡ് മേഖലയിൽ കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയിൽ പുതുതായി 60 സീറ്റും 18 സീറ്റോടുകൂടി ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ എം.ടെക് കോഴ്സും അനുവദിച്ചു. മറ്റൊരു എയ്ഡഡ് കോളജ് ആയ കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ ബി.ടെക് റോബോട്ടിക്സ്, ഡാറ്റ സയൻസ് എന്നിവയിൽ 60 സീറ്റ് വീതം അനുവദിച്ചു.
ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിൽ ബി.ടെക് മെക്കാനിക്കൽ എൻജിനീയറിങ് (60 സീറ്റ്) അനുവദിച്ചു.
തിരുവനന്തപുരം പാപ്പനംകോട് എസ്.സി.ടി കോളജിൽ ബി.ടെക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (60), കേപ്പിെൻറ നിയന്ത്രണത്തിലുള്ള തലശ്ശേരി കോളജ് ഓഫ് എൻജിനീയറിങ്ങിൽ എം.ബി.എ (60) കോഴ്സും അനുവദിച്ചു.
ഇതിനുപുറമെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ്, ഡാറ്റ സയൻസ്, മെഷീൻ ലേണിങ് തുടങ്ങിയ ബി.ടെക് കോഴ്സുകൾ 13 സ്വാശ്രയ കോളജുകൾക്കും അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.