കോളജുകളിലെ പുതിയ കോഴ്സുകൾ; മാനദണ്ഡങ്ങൾ മലബാറിന് ദോഷമെന്ന് പ്രിൻസിപ്പൽമാർ
text_fieldsകോഴിക്കോട്: ഗവൺമെൻറ്/ എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ച നിർദേശങ്ങൾ മലബാർ ജില്ലകളെ കൂടുതൽ പിന്നിലാക്കുമെന്ന് കോളജ് പ്രിൻസിപ്പൽമാരും അധ്യാപകരും അഭിപ്രായപ്പെട്ടു.
സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി), 'മിഷൻ ഹയർ എജുക്കേഷെൻറ' ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിലാണ് പ്രിൻസിപ്പൽമാരും അധ്യാപകരും ഈ ആശങ്ക പങ്കുവെച്ചത്.
ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ വടക്കൻ കേരളത്തിൽ പൊതുവിലും കാസർകോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്രത്യേകിച്ചും വളരെ കുറവാണ്. പ്ലസ് ടു പൂർത്തിയാക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾ നാട്ടിൽ ഉന്നത പഠനാവസരങ്ങൾ ഇല്ലാത്തതിനാൽ വിദൂര വിദ്യാഭ്യാസത്തെയും മറ്റും ആശ്രയിക്കുകയോ അല്ലെങ്കിൽ പഠനം അവസാനിപ്പിക്കുകയോ ആണ് പതിവ്.
പുതിയ മാനദണ്ഡമനുസരിച്ച് നാക് അക്രഡിറ്റേഷനുള്ള കോളജുകൾക്കു മാത്രമാണ് കോഴ്സുകൾക്ക് അപേക്ഷിക്കാൻ സാധിക്കുക. കേരളത്തിലെ ഗവൺമെൻറ് കോളജുകളിൽ പകുതിയും നാക് അക്രഡിറ്റേഷൻ ഇല്ലാത്തവയാണ്.
അറബിക് കോളജുകൾ, പുതുതായി ആരംഭിച്ച എയ്ഡഡ് കോളജുകൾ, പിന്നാക്ക പ്രദേശങ്ങളിലെ കോളജുകൾ എന്നിവയൊക്കെ ആവശ്യമായ കോഴ്സുകൾ ഇല്ലാത്തതിനാൽ നാക് അക്രഡിറ്റേഷൻ ലഭിക്കാത്തവയാണ്. ഈ സാഹചര്യത്തിൽ ഇത്തരം കോളജുകളെ പുറന്തള്ളുന്നത് യുക്തിരഹിതവും നീതിനിഷേധവുമാണ്.
നാല്-അഞ്ചുവർഷ കോഴ്സുകൾക്ക് നാക് സ്കോർ 3.25ന് മുകളിൽ വേണമെന്ന മാനദണ്ഡം, മലബാർ ജില്ലകളിലെ അക്രഡിറ്റേഷനുള്ള കോളജുകളിൽ കോഴ്സുകൾ ആരംഭിക്കുന്നതിന് വിഘാതമാണ്.
ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നിർദേശങ്ങളിൽ മാറ്റംവരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഡോ. ടി.പി.എം ഫരീദ്, ഡോ. അബ്ദുൽ അസീസ്, ഡോ. സൈതലവി, ഡോ. ബിജു, ഡോ. അബ്ദുൽ നാസർ, ഡോ. അനസ് എടാരത്ത്, ഡോ. സി. അഷ്റഫ്, ടി. സലീം, ഡോ. കെ.ടി. അഷ്റഫ്, അക്ഷയ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഡോ. ഇെസഡ്.എ. അശ്റഫ് അധ്യക്ഷത വഹിച്ചു. അനസ് ബിച്ചു സ്വാഗതവും ഹക്കീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.