സ്വാശ്രയ കോളജുകളിൽ പുതിയ കോഴ്സുകൾ; വർധിച്ചത് 6866 ഡിഗ്രി, പി.ജി സീറ്റ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് സ്വാശ്രയ മേഖലയിൽ 6866 സീറ്റുകൾ വർധിപ്പിച്ചു. കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലെ കോളജുകളിലാണ് പുതിയ കോഴ്സ് അനുവദിക്കുകയും നിലവിലുള്ളവയിൽ സീറ്റ് വർധിപ്പിക്കുകയും ചെയ്തത്.
കണ്ണൂർ സർവകലാശാലക്ക് കീഴിലെ 37 സ്വാശ്രയ കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ച് ആഗസ്റ്റ് ഏഴിന് ഉത്തരവിറങ്ങിയിരുന്നു. ഇവിടെ ബിരുദ കോഴ്സുകൾക്ക് മൊത്തം 1282 സീറ്റുകളാണ് വർധിച്ചത്. ഇൗ സീറ്റുകൾ കണ്ണൂർ സർവകലാശാല ഏകജാലക പ്രവേശനത്തിൽ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്. 238 പി.ജി സീറ്റുകളും വർധിച്ചു.
എം.ജി സർവകലാശാലയിലെ 50 സ്വാശ്രയ കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ച് കഴിഞ്ഞ 21ന് ഉത്തരവിറങ്ങി. ഇവിടെ ബിരുദ കോഴ്സുകളിൽ 920 സീറ്റും പി.ജിക്ക് 452 സീറ്റും ഉൾപ്പെടെ 1372 സീറ്റുകളാണ് വർധിക്കുന്നത്.
കാലിക്കറ്റ് സർവകലാശാലയിൽ 98 സ്വാശ്രയ കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ച് കഴിഞ്ഞ 27നാണ് ഉത്തരവിറങ്ങിയത്. ഇതിന് പുറമെ െഎ.എച്ച്.ആർ.ഡിക്ക് കീഴിലുള്ള മൂന്ന് കോളജുകളിലും പുതിയ കോഴ്സുകൾ അനുവദിച്ച് പ്രത്യേകം ഉത്തരവിറക്കിയിട്ടുണ്ട്. 2256 ബിരുദ സീറ്റുകളും 332 പി.ജി സീറ്റുകളുമാണ് കാലിക്കറ്റിൽ വർധിക്കുക. കേരള സർവകലാശാലയിൽ 39 സ്വാശ്രയ കോളജുകളിൽ പുതിയ കോഴ്സുകളും മൂന്ന് കോളജുകളിൽ അധിക ബാച്ചുകളും അനുവദിച്ച് കഴിഞ്ഞ 26നാണ് ഉത്തരവിറങ്ങിയത്. 10 കോളജുകളിൽ നിലവിലുള്ള കോഴ്സുകളിൽ സ്ഥിരം സീറ്റ് വർധനയും അനുവദിച്ചിട്ടുണ്ട്. കേരളയിൽ 1094 ബിരുദസീറ്റുകളും 292 പി.ജി സീറ്റുകളുമാണ് വർധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.