വിദ്യാഭ്യാസ മേഖലയിൽ പുതിയ പരിസ്ഥിതി നയം
text_fieldsദുബൈ: കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ച് യു.എ.ഇ. യൂനിസെഫ്, ജീവകാരുണ്യ സംഘടനയായ അബ്ദുല്ല അൽ ഖുറൈർ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾ വിദ്യാർഥികളേയും യുവ സംരംഭകരേയും ലക്ഷ്യമിട്ട് പുതിയ പരിസ്ഥിതി നയത്തിന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം രൂപം നൽകിയിരിക്കുന്നത്. അധ്യാപക പരിശീലനം, കുട്ടികളുടെ കല മത്സരം, നെറ്റ് സീറോ ഹീറോയിസ് സംരംഭം എന്നീ പരിപാടികൾ യൂനിസെഫുമായി സഹകരിച്ച് സംഘടിപ്പിക്കാനാണ് തീരുമാനം.
സുസ്ഥിരത, കാലാവസ്ഥ വ്യതിയാനത്തിനെതിരായ നടപടികൾ, കാലാവസ്ഥ വ്യതിയാനത്തിന്‍റെ ആഘാതം സംബന്ധിച്ച് യുവാക്കളെ ബോധവൽകരിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിപാടികളായിരിക്കും അബ്ദുല്ല അൽ ഖുറൈറുമായി ചേർന്ന് നടത്തുക. കൂടാതെ വിദ്യാഭ്യാസത്തിലൂടെ അറബ് യുവാക്കളേയും ഇമാറാത്തികളേയും ശാക്തീകരിക്കാനും അൽ ഖുറൈർ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു. ഇതു വഴി അവർക്ക് രാജ്യത്തെ സുസ്ഥിര വികസനത്തിൽ മികച്ച സംഭാവന അർപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്‍റെ ഹരിത വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ് യൂനിസെഫുമായും അൽ ഖുറൈർ ഫൗണ്ടേഷനുമായുള്ള പങ്കാളിത്ത കരാർ.
ദുബൈ എക്സ്പോ സിറ്റിയിൽ നവംബർ 30 മുതൽ ഡിസംബർ 12 വരെ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയായ കോപ്28ന് മുമ്പ് പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിലിൽ യുനസ്കോ, യു.എൻ വിദ്യാഭ്യാസ വിഭാഗം, കല, ശാസ്ത്രം, സാംസ്കാരിക ഏജൻസികൾ എന്നിവയുമായുള്ള ഹരിത വിദ്യാഭ്യാസ പങ്കാളിത്തം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
ഇത് യു.എ ഇയിലുടനീളമുള്ള സ്കൂളുകൾക്ക് കാലാവസ്ഥാ വിദ്യാഭ്യാസത്തെയും യുവാക്കൾക്കിടയിലെ വിവിധ പ്രവർത്തനങ്ങളേയും പിന്തുണയ്ക്കുന്നതിനുള്ള ഒരു ദേശീയ ചട്ടക്കൂട് വാഗ്ദാനം ചെയ്യുന്നു. കോപ്28ന് മുന്നോടിയായി രാജ്യത്തെ സ്കൂൾ, കോളജ് ക്യാമ്പസുകളിൽ പകുതിയും ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ 14,00 പ്രധാനാധ്യാപകരേയും 28,00 അധ്യാപകരേയും പരിശീലിപ്പിക്കുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികൾക്കിടയിൽ കാലാവസ്ഥ മാറ്റത്തെ കുറിച്ചുള്ള ബോധവത്കരണം നടത്തുന്നതിന് ഇത്തരം പരിശീലനങ്ങൾ അധ്യാപകരെ ശാക്തീകരിക്കുമെന്ന് കെയർ ആൻഡ് കപാസിറ്റി ബിൽഡിങ് സെക്ടർ അസി. അണ്ടർ സെക്രട്ടറി അംന അൽ ദഹക് അൽ ശംസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.