പ്രഫ. സി.ടി. അരവിന്ദ കുമാർ എം.ജി സർവകലാശാല വി.സി; ഡോ. എൽ. സുഷമ മലയാളം സർവകലാശാല വി.സി
text_fieldsതിരുവനന്തപുരം: എം.ജി സർവകലാശാല താൽക്കാലിക വൈസ് ചാൻസലറായി മുൻ പ്രോ വൈസ് ചാൻസലറും സ്കൂൾ ഓഫ് എൻവയൺമെന്‍റൽ സയൻസിലെ പ്രഫസറുമായ ഡോ. സി.ടി. അരവിന്ദ് കുമാറിനെ നിയമിച്ച് ചാൻസലറായ ഗവർണർ ഉത്തരവിട്ടു. മലയാളം സർവകലാശാല താൽക്കാലിക വൈസ് ചാൻസലറായി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളം വിഭാഗത്തിലെ പ്രഫ. എൽ. സുഷമയെയും നിയമിച്ചു. സർക്കാർ സമർപ്പിച്ച പാനലിൽനിന്നാണ് നിയമനം.
കഴിഞ്ഞ 31ന് വൈസ് ചാൻസലറായിരുന്ന ഡോ. സാബുതോമസിനൊപ്പം അരവിന്ദ്കുമാറിന്‍റെ പി.വി.സി പദവിയിലെ കാലാവധിയും പൂർത്തിയായിരുന്നു. സർവകലാശാലയിലെ സീനിയർ പ്രഫസർ എന്ന നിലയിലാണ് താൽക്കാലിക വി.സിയായുള്ള നിയമനം. നേരത്തേ ഡോ. സാബുതോമസിന്‍റെ പേര് ഉൾപ്പെടുത്തി സർക്കാർ സമർപ്പിച്ച പാനൽ ഗവർണർ തള്ളിയിരുന്നു. തുടർന്ന് ഡോ. സി.ടി. അരവിന്ദകുമാർ, ഡോ. കെ. ജയചന്ദ്രൻ, ഡോ. സി. സുദർശനകുമാർ എന്നിവരുടെ പേരാണ് സർക്കാർ സമർപ്പിച്ചിരുന്നത്.
മലയാളം സർവകലാശാല വി.സിയുടെ അധിക ചുമതലകൂടി ഡോ. സാബു തോമസിന് നൽകിയിരുന്നു. അദ്ദേഹം കാലാവധി പൂർത്തിയാക്കിയതോടെയാണ് വി.സി പദവി ഒഴിവുവന്നത്. ഡോ. സുഷമയെ കൂടാതെ എം.ജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ ഡോ.പി.എസ്. രാധാകൃഷ്ണൻ, കാലടി സർവകലാശാലയിലെ ഡോ.എം. കൃഷ്ണൻ എന്നീ പേരുകളാണ് സർക്കാർ സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.