പത്രവായന സ്കൂൾ കുട്ടികളുടെ മൂല്യനിർണയത്തിൽ ഉൾപ്പെടുത്തും; പൊതുപരീക്ഷകളിൽ അനുബന്ധ ചോദ്യവും ഉണ്ടാകും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിലെ പൊതുവിദ്യാലയങ്ങളിൽ പത്രവായനയും അനുബന്ധ പ്രവർത്തനങ്ങളും നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമാക്കാൻ ശിപാർശ. ഇതുസംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. പത്രവായനയുമായി ബന്ധപ്പെട്ട അക്കാദമിക പ്രവർത്തനങ്ങൾ നിരന്തര മൂല്യനിർണയത്തിൽ ഉൾപ്പെടുത്തണമെന്നും രൂപരേഖ എസ്.സി.ഇ.ആർ.ടി അസസ്മെൻറ് സെൽ തയാറാക്കുന്ന വിലയിരുത്തൽ മാർഗനിർദേശത്തിൽ ഉൾപ്പെടുത്താനുമാണ് ശിപാർശ.
പത്രവായന പ്രോത്സാഹിപ്പിക്കാൻ വിപുലമായ പദ്ധതികളാണ് റിപ്പോർട്ടിലുള്ളത്. സാമൂഹികശാസ്ത്രം ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും പഠന സാമഗ്രികളായി പത്രവാർത്തകൾ, മുഖപ്രസംഗങ്ങൾ തുടങ്ങിയവ സന്ദർഭോചിതമായി പ്രയോജനപ്പെടുത്തണം. പൊതുപരീക്ഷയിൽ ആനുകാലികമായ വായനയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള അപഗ്രഥനാത്മക/വിശകലനാത്മക ചോദ്യങ്ങൾ ഉൾപ്പെടുത്തണം. പദ്ധതിയുടെ ചുമതല സ്കൂൾതലത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുമായി ബന്ധപ്പെടുത്തി നടത്തണം.
അധ്യാപകർ മുൻകൂട്ടി രേഖപ്പെടുത്തി നൽകുന്ന വാർത്തകൾ സ്കൂൾ അസംബ്ലിയിൽ വായിക്കുന്നതും വാർത്തകളെ അടിസ്ഥാനമാക്കി ചിത്രങ്ങൾ വരക്കുന്നതും അനുബന്ധ പ്രവർത്തനങ്ങളായി ശിപാർശ ചെയ്തിട്ടുണ്ട്. വായന പോഷണ പരിപാടിയുടെ അക്കാദമിക ചുമതല എസ്.സി.ഇ.ആർ.ടിക്കായിരിക്കും. പൊതുമാർഗരേഖയെ അടിസ്ഥാനമാക്കി ഓരോ ക്ലാസിലും നടക്കേണ്ട വായന പരിപോഷണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ജൂണിൽ വിദ്യാലയങ്ങൾക്ക് നൽകണം.
വായന പരിപോഷണ പരിപാടി അജണ്ടയാക്കി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുള്ള ചുമതല സമഗ്രശിക്ഷാ കേരളത്തിനായിരിക്കും. മന്ത്രി വി. ശിവൻകുട്ടി വിളിച്ച പത്രമാധ്യമ പ്രതിനിധികളുടെ യോഗത്തിനു ശേഷമാണ് ഇതുസംബന്ധിച്ച് എസ്.സി.ഇ.ആർ.ടി റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.