സാഹസിക അനുഭവങ്ങൾ പങ്കുവെച്ച് നിദ അൻജൂം
text_fieldsദുബൈ: ആത്മവിശ്വാസവും ഉറച്ച തീരുമാനമെടുക്കാനുള്ള കഴിവും ഉണ്ടെങ്കിൽ ഏത് തടസ്സങ്ങളെയും തട്ടിമാറ്റി വിജയിക്കാൻ സാധിക്കുമെന്ന് ദീർഘദൂര കുതിരയോട്ടത്തിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ നിദ അൻജൂം ചേലാട്ട്. ഗൾഫ് മാധ്യമം എജുകഫെ ഒമ്പതാം സീസണിൽ തന്റെ സാഹസിക അനുഭവങ്ങൾ വിദ്യാർഥികളുമായി പങ്കുവെക്കുകയായിരുന്നു നിദ.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ വാക്കുകൾ കടമെടുത്തുകൊണ്ടാണ് നിദ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്. മലയാളികൾക്ക് ഒട്ടും സുപരിചിതമല്ലാത്ത കുതിരയോട്ട മത്സരത്തിൽ പങ്കെടുക്കാനുള്ള ധൈര്യം ലഭിച്ചത് കുടുംബത്തിൽനിന്നു തന്നെയാണ്. രക്ഷിതാക്കളും സുഹൃത്തുക്കളും തന്റെ ആഗ്രഹങ്ങൾക്കൊപ്പം നിന്നതു കൊണ്ടാണ് ഈ വിജയം കൈവരിക്കാനായത്.
സ്ത്രീ എന്ന നിലയിൽ നിരവധി വെല്ലുവിളികൾ നേരിട്ടെങ്കിലും നിശ്ചയദാർഢ്യം കൊണ്ടാണ് അതിനെ മറികടന്നത്. യു.എ.ഇ ഭരണാധികാരികളുടെ ധിഷണപരമായ നടപടികൾ ജീവിതത്തിൽ ഏറെ സ്വാധീനിച്ച ഘടകമായിരുന്നു. ശാരീരികമായി ഏറെ കരുത്തു വേണ്ട മത്സരമാണ് കുതിരയോട്ടം. തുടർച്ചയായി മണിക്കൂറുകളോളം കുതിരയെ ഓടിക്കുകയെന്നത് വലിയ ദൗത്യമാണ്. കുതിരക്കും മത്സരാർഥിക്കും ഒരുപോലെ കരുത്തുണ്ടെങ്കിൽ മാത്രമേ ദീർഘദൂര മത്സരത്തിൽ വിജയിക്കാനാവൂ. ഫ്രാൻസിലെ കാലാവസ്ഥയും വലിയ വെല്ലുവിളി ഉയർത്തുന്നതായിരുന്നു. ചെറുപ്പം മുതൽ കുതിരയോട്ടത്തിലുള്ള തന്റെ താൽപര്യം തിരിച്ചറിഞ്ഞ അധ്യാപകരും മികച്ച പിന്തുണയാണ് നൽകിയതെന്നും നിദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.