നിപ ഭീതിയൊഴിഞ്ഞു; കോഴിക്കോട് ജില്ലയിലെ വിദ്യാർഥികൾ ഇന്നുമുതൽ വീണ്ടും സ്കൂളിലേക്ക്
text_fieldsകോഴിക്കോട്: നിപ വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ ഒഴിഞ്ഞതോടെ ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ തുറന്നുപ്രവർത്തിക്കും. നിപ ഭീതിയിൽ ഒമ്പതുദിവസം ജില്ലയിൽ പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നില്ല. നിപ സ്ഥിരീകരിച്ച ആളുകളുമായി സമ്പർക്കപ്പട്ടികയിലുള്ളവരുടെ സാമ്പ്ൾ പരിശോധനഫലം നെഗറ്റിവ് ആയതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ ഓൺലൈനിൽനിന്ന് ഓഫ് ലൈനിലേക്ക് മാറ്റിയത്.
എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശിച്ചു. അതേസമയം കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനം തുടരും. കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കലക്ടർ എ. ഗീത നിർദേശം നൽകി. ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളുമാണ് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകൾ. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ പതിവുപോലെ എത്തിച്ചേരണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും മാസ്കും സാനിറ്റൈസറും നിർബന്ധമായി കരുതണം.
വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് റൂമുകളിലും സാനിറ്റൈസർ കരുതുക.
എല്ലാവരും കൈകൾ സാനിറ്റൈസ് ചെയ്യണം.
പനി, തലവേദന, തൊണ്ടവേദന മുതലായ രോഗലക്ഷണങ്ങളുള്ള വിദ്യാർഥികളെ സ്കൂളിലേക്ക് അയക്കരുത്.
ഭക്ഷണപദാർഥങ്ങൾ പങ്കുവെക്കാതിരിക്കുക, ശുചിത്വം പാലിക്കുക
നിപ രോഗബാധയെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും ആശങ്കപ്പെടുത്താതെ ബോധവത്കരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.