നിർഫ് റാങ്കിങ്: മദ്രാസ് ഐ.ഐ.ടി വീണ്ടും ഒന്നാമത്, ആദ്യ നൂറിൽ കേരളത്തിലെ നാല് സർവകലാശാലകൾ
text_fieldsന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക് (നിർഫ്) പ്രകാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് വിവരങ്ങൾ പ്രസിദ്ധീകരിച്ചു. തുടർച്ചയായ ആറാം വർഷവും മദ്രാസ് ഐ.ഐ.ടി ഒന്നാമതെത്തി. ഓവറോൾ റാങ്കിങ്ങിൽ ബംഗളൂരുവിലെ ഐ.ഐ.എസ്‌സിയും, ബോംബെ, ഡൽഹി, കാൺപുർ ഐ.ഐ.ടികളും ആദ്യ അഞ്ചിലെത്തി. സർവകലാശാല റാങ്കിങ്ങിൽ ബംഗളൂരു ഐ.ഐ.എസ്‌സിയാണ് ഒന്നാമത്. ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല, ജാമിഅ മിലിയ ഇസ്‌ലാമിയ, മണിപാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷൻ, ബനാറസ് ഹിന്ദു സർവകലാശാല എന്നിവ ആദ്യ അഞ്ചിലെത്തി.
കേരള സർവകലാശാല (21), കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (34), മഹാത്മഗാന്ധി സർവകലാശാല (37), കാലിക്കറ്റ് സർവകലാശാല (89) എന്നിവയാണ് കേരളത്തിൽനിന്ന് ആദ്യ 100ൽ ഇടംനേടിയ സർവകലാശാലകൾ. ഇതേ സർവകലാശാലകൾ സ്റ്റേറ്റ് പബ്ലിക് യൂനിവേഴ്സിറ്റി എന്ന വിഭാഗത്തിൽ യഥാക്രമം ഒമ്പത്, 10, 11, 43 റാങ്കുകളിലെത്തി. കോളജുകളുടെ വിഭാഗത്തിൽ കേരളത്തിൽനിന്ന് ആദ്യ 100ൽ 16 കോളജുകളുണ്ട്. മാനേജ്മെന്‍റ് വിഭാഗത്തിൽ ഐ.ഐ.എം കോഴിക്കോട് മൂന്നാമത് എത്തിയപ്പോൾ എൻജിനീയറിങ് വിഭാഗത്തിൽ എൻ.ഐ.ടി കാലിക്കറ്റ് (25), ഐ.ഐ.എസ്.എസ്.ടി തിരുവനന്തപുരം (51), ഐ.ഐ.ടി പാലക്കാട് (64) എന്നിവ ആദ്യ നൂറിൽ ഇടംനേടി.
മെഡിക്കൽ വിഭാഗത്തിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് (42), ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (13) എന്നിവ ആദ്യ 50ൽ ഇടംനേടി. ഡെന്‍റൽ വിഭാഗത്തിൽ തിരുവനന്തപുരം ഗവ. ഡെന്‍റൽ കോളജ് 21-ാം റാങ്കും ലോ വിഭാഗത്തിൽ കൊച്ചി നുവാൽസ് 38-ാം റാങ്കും നേടി. ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്ങിൽ കോഴിക്കോട് എൻ.ഐ.ടിക്ക് മൂന്നാമതും തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് 18-ാമതും എത്തി. കാർഷിക വിഭാഗത്തിൽ കേരള കാർഷിക സർവകലാശാല (18), കൊച്ചിയിലെ കുഫോസ് (30) എന്നിവ ആദ്യ 50ലെത്തി. കൂടുതൽ റാങ്കിങ് വിവരങ്ങൾക്ക് www.nirfindia.org/Rankings/2024/Ranking.html സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.