കാലിക്കറ്റിൽ ഇനി ഇരട്ടബിരുദം നേടാം
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഒരേസമയം രണ്ട് ബിരുദം സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നു. ഇരട്ടബിരുദം നൽകുന്നതിനായി സംസ്ഥാനസർക്കാറിന്റെ അനുമതിതേടാൻ ബിരുദ സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർവകലാശാലയിൽ ഒരേസമയം രണ്ട് ബിരുദ കോഴ്സുകൾ പഠിക്കാൻ സൗകര്യമൊരുങ്ങുന്നത്. ഇരട്ടബിരുദം നേടാമെന്നുള്ള പുതിയ ചട്ടങ്ങൾ യു.ജി.സി പുറത്തിറക്കിയിരുന്നു. യു.ജി.സി ചട്ടം കാലിക്കറ്റിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സിൻഡിക്കേറ്റ് മെംബർ ഡോ. പി. റഷീദ് അഹമ്മദ് വൈസ് ചാൻസലർക്ക് നൽകിയ കത്തിനെ തുടർന്നാണ് നടപടി.
സിൻഡിക്കേറ്റ് അംഗങ്ങളും വിദ്യാഭ്യാസ വിചക്ഷണരും ഉൾക്കൊള്ളുന്ന സമിതിയാണ് സർക്കാർ അനുമതിക്ക് വിധേയമായി ഇരട്ട ബിരുദ കോഴ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. ഇരട്ടബിരുദത്തിന് അവസരമൊരുങ്ങിയാൽ വിദ്യാർഥികളുടെ തൊഴിൽസാധ്യത ഇരട്ടിയാകും. താല്പര്യമുള്ളവർക്ക് ഒരേസമയം രണ്ട് വ്യത്യസ്ത കോഴ്സുകൾ പഠിക്കാം.
രണ്ട് റെഗുലർ കോഴ്സോ ഒരു റെഗുലർ കോഴ്സും ഒരു വിദൂരവിദ്യാഭ്യാസ കോഴ്സോ രണ്ട് വിദൂരവിദ്യാഭ്യാസ കോഴ്സ് എന്നിങ്ങനെ പഠിച്ച് ഇരട്ടബിരുദം നേടാം. ആർട്സ് വിഷയം പഠിക്കുന്നവർക്ക് അടിസ്ഥാനയോഗ്യതയുണ്ടെങ്കിൽ സയൻസും പഠിക്കാം.
രണ്ടു കോളജുകളിൽ ഒരുമിച്ച് പഠിക്കാനുള്ള സൗകര്യവുമുണ്ട്. കോളജുകളുടെയും കോഴ്സുകളുടെയും എണ്ണം താരതമ്യേന കുറഞ്ഞ മലബാർ മേഖലയിലെ വിദ്യാർഥികൾക്ക് ഇരട്ട ബിരുദം ഗുണംചെയ്യും. സർക്കാർ അനുമതി ലഭിച്ചാൽ ഈ വർഷംതന്നെ ഇരട്ടബിരുദ കോഴ്സുകൾ പഠിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.