നീറ്റ് പരീക്ഷ ഓൺലൈനിൽ, സ്വന്തം ജില്ലയിൽ പരീക്ഷാകേന്ദ്രം; എൻ.ടി.എ പരിഷ്കരണ സമിതി റിപ്പോർട്ട് സമർപ്പിച്ചു
text_fieldsന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള എൻ.ടി.എയുടെ പരീക്ഷ നടത്തിപ്പ് പരിഷ്കാരം സംബന്ധിച്ച് കേന്ദ്രം നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചു. ആൾമാറാട്ടം തടയാൻ ഡിജിറ്റൽ രീതിയിൽ പരീക്ഷ, പലതലത്തിലുള്ള പരീക്ഷ, പരീക്ഷ കേന്ദ്രം അനുവദിക്കുന്നതിലെ നയം, സുരക്ഷിത പരീക്ഷ കേന്ദ്രം ഒരുക്കൽ, വിദൂരകേന്ദ്രങ്ങൾക്കായി മൊബൈൽ പരീക്ഷ കേന്ദ്രങ്ങൾ തുടങ്ങിയവയാണ് ഐ.എസ്.ആർ.ഒ മുൻ മേധാവി കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗ സമിതിയുടെ റിപ്പോർട്ടിലുള്ളത്. നീറ്റ് -യു.ജി, യു.ജി.സി നെറ്റ് പരീക്ഷകൾക്കെതിരെ വ്യാപക പരാതികൾ ഉയർന്നതോടെയാണ് കേന്ദ്രം ജൂലൈയിൽ എൻ.ടി.എ പരീക്ഷ നടത്തിപ്പ് ഭാവിയിൽ പ്രശ്നരഹിതമാക്കാനുള്ള നിർദേശങ്ങൾക്കായി സമിതിയെ നിയോഗിച്ചത്.
പ്രധാന നിർദേശങ്ങൾ:
- പരമ്പരാഗത എഴുത്തു പരീക്ഷ മാറ്റി കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറണം. ഇതിനുള്ള നെറ്റ്വർക്ക്, അടിസ്ഥാനസൗകര്യങ്ങൾ, മതിയായ പരിശീലനം നേടിയവർ തുടങ്ങിയ കാര്യങ്ങളില്ലാത്തത് വെല്ലുവിളിയാകാം.
- വ്യോമമന്ത്രാലയം നടപ്പാക്കുന്ന ‘ഡിജി-യാത്ര’ പോലെ ‘ഡിജി-എക്സാം’ സംവിധാനം നടപ്പാക്കണം. ഇതുവഴി ആൾമാറാട്ടം തടയാം. അപേക്ഷിച്ച ആൾതന്നെയാണ് പരീക്ഷക്കെത്തുന്നതെന്ന് ഉറപ്പാക്കാൻ പലവിധ പരിശോധനകൾ. ഇതിന് ആധാറും ബയോമെട്രിക്സും എ.ഐ അടിസ്ഥാനമാക്കിയ ഡേറ്റ വിശകലനവും.
- എൻ.ടി.എ ഘടന മാറ്റണം. ഇതിനായി സാങ്കേതികവിദ്യ മുതൽ നിരീക്ഷണംവരെയുള്ള 10 പ്രത്യേക ഭാഗങ്ങളിലായുള്ള നിർദേശങ്ങൾ. എൻ.ടി.എക്ക് അധികാരവും കാര്യങ്ങൾ കൃത്യമായി അറിയുന്നതുമായ ഭരണസമിതി വേണം. അതിന്റെ ഓഡിറ്റ്, നൈതികത, സുതാര്യത എന്നിവ ഉറപ്പാക്കാൻ മൂന്ന് സബ് കമ്മിറ്റികളും വേണം.
- പല ദിവസങ്ങളിലായുള്ള പരീക്ഷ. രണ്ടുലക്ഷത്തിലധികം അപേക്ഷകരുള്ള പരീക്ഷകളിൽ ഇത് അനുപേക്ഷണീയമാണ്. പല തലത്തിലായുള്ള പരീക്ഷ ‘നീറ്റ്-യു.ജി’ക്ക് പരിഗണിക്കാവുന്നതാണ്. ഓരോ ഘട്ടത്തിലുമുള്ള റാങ്കിങ്ങും പരീക്ഷ എഴുതാവുന്ന തവണകളും മറ്റും പരിഗണിക്കാം. നല്ല പേരുള്ള സർക്കാർ സ്ഥാപനങ്ങളിൽ ചുരുങ്ങിയത് 1000 സുരക്ഷിത പരീക്ഷ കേന്ദ്രങ്ങൾ സജ്ജമാക്കുന്നത് എൻ.ടി.എ ലക്ഷ്യമിടണം. പരീക്ഷാർഥിക്ക് അവരവരുടെ ജില്ലകളിൽതന്നെ കേന്ദ്രം ലഭ്യമാകുന്ന സാഹചര്യമുണ്ടാകണം.
- ചോദ്യപേപ്പർ സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള കേന്ദ്രങ്ങൾ. ഓരോ ജില്ലയിലും മാനദണ്ഡങ്ങൾ പാലിച്ചുള്ള പരീക്ഷ കേന്ദ്രങ്ങൾ സ്ഥാപിക്കൽ. വിദൂരവും ഒറ്റപ്പെട്ടതുമായി ജില്ലകൾക്കായി മൊബൈൽ പരീക്ഷ കേന്ദ്രങ്ങൾ. ഇതിനായി ബസുകൾ ഉപയോഗിക്കാം. ഇതിൽ സുരക്ഷിതമായ സെർവറുകൾ ഉണ്ടാകണം. അത് കമാൻഡ് സെന്ററുമായി ബന്ധമുള്ളതാകണം.
- യു.ജി തല പ്രവേശനം ഒരേരൂപത്തിലുള്ളതും ലളിതവുമാക്കുന്നതാണ് അഭികാമ്യം. വിദ്യാർഥികളെ പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് പരീക്ഷ, പരീക്ഷ എഴുതാനുള്ള അവസരങ്ങൾ, പ്രായപരിധി, പ്ലസ് ടു മാർക്ക് തുടങ്ങിയ കാര്യങ്ങളിൽ ഒരേ മാനദണ്ഡം സ്വീകരിക്കുന്നതും നന്നാകും.
എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളുടെ വില കുറയും
ന്യൂഡൽഹി: അടുത്ത അധ്യയന വർഷം മുതൽ ഏതാനും ക്ലാസുകളിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളുടെ വില കുറയുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്പ്രകാരമുള്ള പാഠപുസ്തകങ്ങൾ പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2026 -27 അധ്യയന വർഷം മുതൽ ഒമ്പതു മുതൽ 12 വരെ ക്ലാസുകളിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ പരിഷ്കരിക്കും. നിലവിൽ എൻ.സി.ഇ.ആർ.ടി അഞ്ചുകോടി പാഠപുസ്തകങ്ങളാണ് അച്ചടിക്കുന്നത്. ഇത് 15 കോടിയായി ഉയർത്തും. ഇത് വില കുറക്കാൻ സഹായകമാവുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.