കാസർകോട്ട് ഒരു നഴ്സിങ് കോളജ് കൂടി
text_fieldsകാസർകോട്: കാസർകോടിന് ഒരു നഴ്സിങ് കോളജ് കൂടി വരുന്നു. പൊവ്വൽ എൽ.ബി.എസ് എൻജിനീയറിങ് കോളജ് കാമ്പസിലാണ് പുതിയ സർക്കാർ സ്വാശ്രയ ബി.എസ് സി നഴ്സിങ് കോളജ് തുടങ്ങുന്നത്. നിലവിൽ നാലെണ്ണമാണ് ജില്ലക്കുള്ളത്. ഒന്ന് പെർള ഉക്കിനഡുക്ക സർക്കാർ ഗവ. നഴ്സിങ് കോളജും രണ്ടാമത്തേത് സർക്കാർ സ്വാശ്രയ കോളജായ പെരിയ ആയമ്പാറ സീമെറ്റ് കോളജ് ഓഫ് നഴ്സിങ്ങും മൂന്നും നാലുമായി തളങ്കര മാലിക് ദീനാർ, പുല്ലൂർ ലക്ഷ്മിമേഘൻ എന്നീ രണ്ട് സ്വകാര്യ കോളജുകളിലും മാത്രമാണ് ജില്ലയിൽ ബി.എസ് സി നഴ്സിങ് പഠനത്തിന് സൗകര്യമുള്ളത്. ജില്ലയിൽ അഞ്ചാമത്തെ നഴ്സിങ് കോളജുകൂടി വരുന്നതോടെ നഴ്സിങ് സ്വപ്നവുമായി നടക്കുന്ന വിദ്യാർഥികൾക്ക് ആശ്വാസമാകും.
കഴിഞ്ഞവർഷമാണ് കാസർകോട്ടടക്കം അഞ്ചു നഴ്സിങ് കോളജുകൾക്ക് അനുമതിയായത്. പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളിലാണ് കാസർകോടിനുപുറമേ നഴ്സിങ് കോഴ്സുകൾക്ക് അനുമതിയായിരുന്നത്. ഇതിനായി മുമ്പ് ബജറ്റിൽ 20 കോടിയോളം പ്രാരംഭതുകയിനത്തിൽ നീക്കിവെച്ചിരുന്നു.
മെഡിക്കൽ കോളജിന്റെയും വരാൻ പോകുന്ന എൽ.ബി.എസിന്റെയും ക്ലിനിക്കൽ പോസ്റ്റിങ് ജനറൽ ഹോസ്പിറ്റലിലായിരിക്കും നടക്കുക. ഇതിന്റെ എം.ഒ.യു ഒപ്പിട്ടിട്ടുണ്ടെന്നും അധികൃതർ പറയുന്നു. ഒക്സിലറി നഴ്സിങ് ആൻഡ് മിഡ് വൈഫറി (എ.എൻ.എം) രണ്ടുവർഷ കോഴ്സ് നിലവിൽ ജനറൽ ഹോസ്പിറ്റലിൽ മാത്രമാണുള്ളത്. ജനറൽ നഴ്സിങ് മിഡ് വൈഫറി കോഴ്സ് (ജി.എൻ.എം) കെയർവെൽ കാസർകോട്ടും മൻസൂർ ഹോസ്പിറ്റൽ കാഞ്ഞങ്ങാട്ടുമാണുള്ളത്.
നഴ്സിങ് കോഴ്സുമായി ബന്ധപ്പെട്ട പഠനത്തിന് അയൽസംസ്ഥാനമായ കർണാടകയിൽ ഏകദേശം 14 ലക്ഷത്തോളമാണ് ഹോസ്റ്റൽ ഫീസടക്കം വാങ്ങിക്കുന്നത്. ആൺകുട്ടികൾക്കിത് ഒന്നും ഒന്നരയും ലക്ഷമായി പിന്നെയും കൂടും. ഇന്ത്യയിൽ ആകെയുള്ള നഴ്സിങ് കോളജുകളിൽ മൂന്നിലൊന്നും കർണാടകയിലാണ്. പാരാമെഡിക്കൽ കോഴ്സുകൾ പലതും കേരളത്തിൽ ഇല്ലാത്തതുകൊണ്ടുതന്നെ കോടിക്കണക്കിന് രൂപയാണ് കർണാടകയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും നമ്മുടെ വിദ്യാർഥികൾവഴി ഒഴുകുന്നത്.
പലപ്പോഴും വിദ്യാർഥികൾ കോഴ്സിന്റെ അപര്യാപ്തതകൊണ്ടുതന്നെ ഫീസും മറ്റും നോക്കാതെ പുറത്തേക്ക് പോകുന്ന അവസ്ഥയാണ്. ഈയൊരു സാഹചര്യത്തിൽ ഒരു നഴ്സിങ് കോളജുകൂടി ജില്ലയിൽ വരുന്നത് അൽപം ആശ്വസിക്കാനിടവരുത്തും. ഇതോടെ, ഉദുമ മണ്ഡലത്തിൽ രണ്ടു നഴ്സിങ് കോളജുകളാണ് ഉണ്ടാവുക. പൊവ്വലിൽ ആരംഭിക്കുന്ന എൽ.ബി.എസ് നഴ്സിങ് കോളജ് കെട്ടിടം പരിശോധനക്ക് അടുത്തയാഴ്ച സമിതി വരുന്നുണ്ടെന്നും അതിനുശേഷം ആരോഗ്യ സർവകലാശാലയുടെ അനുമതിയോടെ ഈവർഷംതന്നെ ഡിഗ്രി കോഴ്സ് തുടങ്ങാനാണ് പദ്ധതിയെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.