നഴ്സിങ്, പാരാമെഡിക്കൽ: അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
text_fieldsവൈദ്യശാസ്ത്ര-ചികിത്സാ മേഖലയിലും മറ്റും തൊഴിൽ സാധ്യതയുള്ള നഴ്സിങ് പാരാമെഡിക്കൽ പ്രഫഷനൽ ബിരുദ കോഴ്സുകളിലും ഉപരിപഠനത്തിന് ശാസ്ത്ര വിഷയങ്ങളിൽ പ്ലസ്ടുക്കാർക്ക് അവസരം. സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിൽ 2023-24 വർഷത്തെ ബി.എസ് സി നഴ്സിങ്, ബി.എസ് സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി), ബി.എസ് സി പെർഫ്യൂഷൻ ടെക്നോളജി ബി.എസ്സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി (എം.ആർ.ടി), ബി.എസ് സി ഓപ്ടോമെട്രി, ബാച്ചിലർ ഓഫ് ഫിസിയോതെറപ്പി (ബി.പി.ടി),
ബാച്ചിലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച് ലാംഗ്വേജ് പാതോളജി (ബി.എ.എസ്.എൽ.പി), ബാച്ചിലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി (ബി.സി.വി.ടി), ബാച്ചിലർ ഓഫ് ഡയാലിസിസ് ടെക്നോളജി (ബി.എസ്സി ഡി.ടി), ബാച്ചിലർ ഓഫ് ഒക്യുപേഷനൽ തെറപ്പി (ബി.ഒ.ടി) കോഴ്സുകളിലും സർക്കാർ/വാഴ്സിറ്റി അനുമതിക്ക് വിധേയമായി ബാച്ചിലർ ഓഫ് മെഡിക്കൽ ഇമേജിങ് ടെക്നോളജി, ബാച്ചിലർ ഓഫ് റോഡിയോതെറപ്പി ടെക്നോളജി, ബാച്ചിലർ ഓഫ് ന്യൂറോ ടെക്നോളജി കോഴ്സുകളിലും പ്രവേശനത്തിന് എൽ.ബി.എസ് സെന്റർ ജൂലൈ മൂന്നുവരെ അപേക്ഷകൾ സ്വീകരിക്കും.
ഓൺലൈനായി ജൂൺ 30നകം ഫീസ് അടക്കണം. 800 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി/വർഗ വിഭാഗങ്ങളിൽപെടുന്നവർക്ക് 400 രൂപ മതിയാകും. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും www. lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, കോളജുകൾ, കോഴ്സുകൾ, സീറ്റുകൾ, യോഗ്യത, മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം, ഫീസ് ഘടന അടക്കമുള്ള വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
സീറ്റുകൾ
ഗവൺമെന്റ്, മാനേജ്മെന്റ് എന്നിങ്ങനെ രണ്ടു തരം സീറ്റുകളാണുള്ളത്. ഗവൺമെന്റ് കോളജുകളിലെ മുഴുവൻ സീറ്റുകളും സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ കോളജുകളിലെയും 50 ശതമാനം സീറ്റുകളും ഗവൺമെന്റ് മെറിറ്റ് സീറ്റുകളിൽപെടും. സ്വാശ്രയ കോളജുകളിലെ 50 ശതമാനം സീറ്റുകൾ മാനേജ്മെന്റ് സീറ്റുകളാണ്. അതത് മാനേജ്മെന്റുകളാണ് മാനേജ്മെന്റ് സീറ്റുകളിൽ പ്രവേശനം നടത്തുക. ഗവൺമെന്റ് മെറിറ്റ് സീറ്റുകളിൽ എൽ.ബി.എസ് സെന്റർ വഴിയാണ് സീറ്റ് അലോട്ട്മെന്റ്.
യോഗ്യത
കേരളീയർക്കും കേരളീയേതര വിഭാഗങ്ങളിൽപെടുന്നവർക്കും അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്ക് കുറയാതെ ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. ഈ ശാസ്ത്ര വിഷയങ്ങൾക്ക് പ്രത്യേക പാസ് മാർക്കുണ്ടാകണം.
ബി.എ.എസ്.എൽ.പി കോഴ്സ് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്/കമ്പ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ്/സൈക്കോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെയും ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ഓരോന്നിനും മിനിമം മാർക്കോടെയും പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
എസ്.ഇ.ബി.സി/ഒ.ഇ.സി, എസ്.സി/എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് അഞ്ച് ശതമാനം മാർക്കിളവുണ്ട്. 2023 ഡിസംബർ 31ന് പ്രായം 17 വയസ്സ് തികഞ്ഞിരിക്കണം.
പ്രവേശന പരീക്ഷയില്ല. യോഗ്യത പരീക്ഷയിൽ നിശ്ചിത ശാസ്ത്ര വിഷയങ്ങൾക്ക് ലഭിച്ച മാർക്കിന്റെ മെറിറ്റടിസ്ഥാനത്തിൽ രണ്ട് റാങ്ക് ലിസ്റ്റുകൾ തയാറാക്കും. നഴ്സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്സുകൾക്ക് ഒരു റാങ്ക് ലിസ്റ്റും ബി.എ.എസ്.എൽ.പി കോഴ്സിന് മറ്റൊരു റാങ്ക്ലിസ്റ്റും പ്രസിദ്ധപ്പെടുത്തും.
റാങ്ക്ലിസ്റ്റിലുള്ളവർക്ക് ഗവൺമെന്റ് മെറിറ്റ് സീറ്റുകളിലേക്കുള്ള കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിന് പ്രത്യേകം ഒപ്ഷൻ രജിസ്ട്രേഷൻ സൗകര്യം ലഭിക്കും. ഇതിനുള്ള നടപടി ക്രമം പ്രോസ്പെക്ടസിലുണ്ട്. പ്രവേശന സാധ്യതകളറിയുന്നതിന് ട്രയൽ അലോട്ട്മെന്റും മൂന്ന് മുഖ്യ ഓൺലൈൻ സീറ്റ് അലോട്ട്മെന്റുമുണ്ടാകും. അലോട്ട്മെന്റ് ഷെഡ്യൂളുകൾ പിന്നീട് പ്രസിദ്ധീകരിക്കും. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ ലഭിക്കും.
ഫീസ് നിരക്ക്
ഗവൺമെന്റ് മെഡിക്കൽ കോളജുകളിൽ വിവിധ കോഴ്സുകളിലേക്കുള്ള ഇക്കൊല്ലത്തെ ഫീസ് നിരക്കുകൾ -ബി.എസ്സി നഴ്സിങ് -23170 രൂപ, ബി.എസ് സി എം.എൽ.ടി -20860 രൂപ. ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി, ബി.എസ് സി ഓപ്ടോമെട്രി, ബി.സി.വി.ടി, ബി.എസ്സി ഡി.ടി കോഴ്സുകൾക്ക് 22,010 രൂപ, മെറിറ്റ് സീറ്റിൽ പ്രവേശനം നേടുന്ന പട്ടികജാതി/വർഗ വിദ്യാർഥികളെ ഫീസിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
സ്വാശ്രയ കോളജുകളിലെ ഫീസ് നിരക്കുകൾ -ബി.എസ്സി നഴ്സിങ് ട്യൂഷൻ ഫീസ് -73025 രൂപ, സ്പെഷൽ ഫീസ് -23300 രൂപ(എൻ.ആർ.ഐ ക്വോട്ടക്ക് 95,000 രൂപ, സ്പെഷൽ ഫീസ് -23300 രൂപ), ബി.എസ്സി എം.എൽ.ടി -80850 രൂപ, സ്പെഷൽ ഫീസ് 15,700 രൂപ (ചില കോളജുകളിൽ സ്പെഷൽ ഫീസ് -14,500 രൂപ), ബി.എസ് സി ഓപ്ടോമെട്രി -ട്യൂഷൻ ഫീസ് 63525, സ്പെഷൽ ഫീസ് 39500 രൂപ, ബി.എസ് സി ഫിസിയോ തെറപ്പി, ട്യൂഷൻ ഫീസ് 59750 രൂപ.
സ്പെഷൽ ഫീസ് 18100 രൂപ; ബി.എസ് സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി -ട്യൂഷൻ ഫീസ് -50,000, സ്പെഷൽ ഫീസ് 14350 രൂപ (ബേബി മെമ്മോറിയൽ 56000+37605 രൂപ) ബി.എ.എസ്.എൽ.പി -42500 മുതൽ 15,0000 രൂപ വരെ വ്യത്യസ്ത നിരക്കിലാണ് ട്യൂഷൻ ഫീസ്, സ്പെഷൽ ഫീസ് 27605 മുതൽ 37605 രൂപ വരെ, ബി.ഒ.ടി ട്യൂഷൻ ഫീസ് -42500 രൂപ മുതൽ 81750 രൂപ വരെ, സ്പെഷൽ ഫീസ് 27605 മുതൽ 37605 രൂപ വരെ. എൻ.ഐ.പി.എം.ആർ ഇരിങ്ങാലക്കുടയിൽ ട്യൂഷൻ ഫീസ് 15,0000 രൂപ, സ്പെഷൽ ഫീസ് 27605 രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.