ഒഡെപെക് വിദ്യാഭ്യാസ എക്സ്പോക്ക് തുടക്കം
text_fieldsതിരുവനന്തപുരം: വിദേശത്തെ മികച്ച സർവകലാശാലകളിൽ ഉപരിപഠനത്തിന് അവസരമൊരുക്കി സംസ്ഥാന സർക്കാറിന് കീഴിലുള്ള ഒഡെപെക് തുടക്കമിട്ട ഇന്‍റർനാഷനൽ എജുക്കേഷൻ എക്സ്പോക്ക് മികച്ച പ്രതികരണം. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്ന ആദ്യ എക്സ്പോയിൽ 800ൽ അധികം വിദ്യാർഥികളാണ് ഉപരിപഠന സാധ്യതകൾ തേടിയെത്തിയത്.
ഇതിൽ നാനൂറോളം വിദ്യാർഥികൾക്കും ഉപരിപഠന സാധ്യത തെളിഞ്ഞതായും ഒട്ടേറെ വിദ്യാർഥികൾ സ്പോട്ട് അഡ്മിഷൻ നേടിയതായും ഒഡെപെക് മാനേജിങ് ഡയറക്ടർ കെ.എ. അനൂപ് പറഞ്ഞു. രണ്ടാമത്തെ എക്സ്പോ ശനിയാഴ്ച എറണാകുളം കലൂരിലുള്ള ഗോകുലം കൺവെൻഷൻ സെന്‍ററിലും മൂന്നാമത്തേത് ഞായറാഴ്ച കോഴിക്കോട് പി.ടി. ഉഷ റോഡിലെ താജ് ഗേറ്റ് വേയിലും നടക്കും.
തൊഴിൽ റിക്രൂട്ട്മെന്‍റ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന ഒഡെപെക് ആദ്യമായാണ് വിദേശത്തെ ഉപരിപഠന സാധ്യതകൾ വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താൻ പദ്ധതിയാരംഭിക്കുന്നത്. എക്സ്പോയിൽ യു.എസ്, യു.കെ, ഫ്രാൻസ്, ആസ്ട്രേലിയ, ന്യൂസിലൻഡ്, ജർമനി, കാനഡ, സ്വിറ്റ്സർലൻഡ്, ഫിൻലൻഡ് രാജ്യങ്ങളിൽനിന്നുള്ള 40ഓളം സർവകലാശാലകളാണ് പങ്കെടുക്കുന്നത്.
ധനമന്ത്രി കെ.എൻ. ബാലഗോപാൽ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. ഏതു രാജ്യത്തുപോയി പഠിക്കാനുള്ള ചുരുങ്ങിയ നിലവാരവും അവിടത്തെ വിദ്യാഭ്യാസരീതികൾക്കൊപ്പം നിൽക്കാനുമുള്ള ശേഷിയും കേരളത്തിലെ വിദ്യാഭ്യാസ മേഖല അവർക്ക് നൽകിയിട്ടുണ്ടെന്നുമാണ് ഇതു തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഒഡെപെക് ചെയർമാൻ അഡ്വ.കെ.പി. അനിൽകുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സർക്കാറിന്‍റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി (വിദേശ സഹകരണം) വേണു രാജാമണി, തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, വനിതാ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ വി.സി. ബിന്ദു സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.