ബിരുദാനന്തര പഠനത്തിലും അടിമുടി മാറ്റം
text_fieldsതിരുവനന്തപുരം: പുതുക്കിയ പി.ജി പാഠ്യപദ്ധതി ചട്ടക്കൂട് യു.ജി.സി പ്രസിദ്ധീകരിച്ചു. പി.ജി പഠനം പൂർണമായും ഓൺലൈൻ രീതിയിൽ പൂർത്തിയാക്കാനും ഒരേസമയം രണ്ട് പി.ജി കോഴ്സുകൾ ചെയ്യാനും ചട്ടക്കൂടിൽ വ്യവസ്ഥയുണ്ട്. പരിഷ്കരിച്ച രീതിയിലുള്ള നാലു വർഷ ബിരുദം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് എം.ടെക്/ എം.ഇ കോഴ്സുകൾക്ക് ചേരാനും അവസരം നൽകുന്നതാണ് പി.ജി പാഠ്യപദ്ധതി ചട്ടക്കൂട്. നാലു വർഷ ബിരുദം പൂർത്തിയാക്കുന്നവർക്ക് ഒരു വർഷംകൊണ്ട് (രണ്ട് സെമസ്റ്റർ) പി.ജി പഠനം പൂർത്തിയാക്കാനാകും. ഇത് ഉൾപ്പെടെ മൂന്നു രീതിയിൽ പി.ജി പഠനത്തിനുള്ള അവസരവും പാഠ്യപദ്ധതി ചട്ടക്കൂട് തുറന്നിടുന്നു. നിലവിലുള്ള മൂന്നു വർഷ ബിരുദം പൂർത്തിയാക്കുന്നവർക്ക് രണ്ടു വർഷ പി.ജി പഠനവും അഞ്ചു വർഷത്തെ സംയോജിത ബിരുദ-ബിരുദാനന്തര പഠനവുമാണ് മറ്റു രീതികൾ. ദേശീയ വിദ്യാഭ്യാസ നയത്തിലെ ശിപാർശകളുടെ ചുവടുപിടിച്ചാണ് ചട്ടക്കൂട് രൂപപ്പെടുത്തിയത്.
പഠനത്തിന് പല രീതികൾ
മൂന്നു വർഷ ബിരുദ പഠനത്തിനു ശേഷം രണ്ട് സെമസ്റ്ററിൽ (ഒരു വർഷം) 240 ക്രെഡിറ്റ് പോയന്റോടെ 40 ക്രെഡിറ്റ് നേടുന്നവർക്ക് പി.ജി ഡിപ്ലോമ ലഭിക്കും. വിദ്യാർഥിക്ക് ഈ ഘട്ടത്തിൽ കോഴ്സിൽനിന്ന് വിടുതലും (എക്സിറ്റ്) അനുവദിക്കും. നാഷനൽ ഹയർഎജുക്കേഷൻ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻ.എച്ച്.ഇ.ക്യു.എഫ്) പ്രകാരം ഈ വിദ്യാർഥികൾക്ക് ലെവൽ ആറ് ആയിരിക്കും ലഭിക്കുക. 160 ക്രെഡിറ്റിൽ കുറയാതെ നാലു വർഷ ഓണേഴ്സ് ബിരുദമോ/ ഓണേഴ്സ് വിത്ത് റിസർച് ബിരുദമോ നേടിയവർക്ക് ഒരു വർഷംകൊണ്ട് (രണ്ട് സെമസ്റ്റർ) കൊണ്ട് പി.ജി പൂർത്തിയാക്കാം.
ഇവർ 260 ക്രെഡിറ്റ് പോയേൻറാെട 40 ക്രെഡിറ്റ് നേടിയിരിക്കണം. എൻ.എച്ച്.ഇ.ക്യു.എഫ് പ്രകാരം ഇൗ വിദ്യാർഥികൾക്ക് 6.5 ലെവൽ ലഭിക്കും. 120 ക്രെഡിറ്റിൽ കുറയാതെ മൂന്നു വർഷ ബിരുദം പൂർത്തിയാക്കുന്നവർക്ക് രണ്ടുവർഷംകൊണ്ട് (നാല് സെമസ്റ്റർ) 260 ക്രെഡിറ്റ് പോയേൻറാടെ 80 ക്രെഡിറ്റ് നേടിയും പി.ജി പഠനം പൂർത്തിയാക്കാം. ഇവർക്കും 6.5 ലെവൽ ആയിരിക്കും. ബി.ഇ, ബി.ടെക് പോലുള്ള നാലു വർഷ ബിരുദം പൂർത്തിയാക്കുന്നവർക്ക് 80 ക്രെഡിറ്റോടെ രണ്ടു വർഷ പി.ജി (എം.ഇ, എം.ടെക്) പൂർത്തിയാക്കാം. ഈ വിദ്യാർഥികൾക്ക് ലെവൽ ഏഴ് ആയിരിക്കും അനുവദിക്കുക.
മേജറിലും മൈനറിലും പി.ജി
ബിരുദ പഠനത്തിനുള്ള പ്രധാന വിഷയത്തിന് (മേജർ) പുറമെ ഉപവിഷയങ്ങളിലും പി.ജി പഠനം നടത്താം. ഉദാഹരണത്തിന് മാത്സ് മേജർ വിഷയമായും ഫിസിക്സ് മൈനർ വിഷയമായും പഠിച്ച വിദ്യാർഥിക്ക് ഫിസിക്സിൽ പി.ജിക്ക് ചേരാം. ഇതേ മാനദണ്ഡം സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഉൾപ്പെടെ സ്ട്രീമിലുള്ള കോഴ്സുകൾക്കും ബാധകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.