ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനം പൊതുപ്ലാറ്റ്ഫോമിലേക്ക്
text_fieldsതിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസവകുപ്പിന്കീഴിലുള്ള കോളജുകൾ ഉൾപ്പെടെ സ്ഥാപനങ്ങളിൽ ഒാൺലൈൻപഠനത്തിന് പൊതുപ്ലാറ്റ്ഫോം നടപ്പാക്കും. മന്ത്രി ഡോ.ആർ.ബിന്ദു വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. സ്വതന്ത്ര സോഫ്റ്റ്െവയർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ലേണിങ് മാനേജ്മെൻറ് സംവിധാനമായ (എൽ.എം.എസ്) 'മൂഡിൽ' പ്ലാറ്റ്ഫോം ഉപയോഗിക്കാനാണ് ധാരണ.
ഉന്നതവിദ്യാഭ്യാസ കൗൺസിലും ഡിജിറ്റൽ സർവകലാശാലയും ചേർന്നായിരിക്കും കേന്ദ്രീകൃത സംവിധാനമൊരുക്കുക. സർവകലാശാലതലങ്ങളിൽ വികേന്ദ്രീകൃത സംവിധാനവുമൊരുക്കണം. ഒാരോ കോളജിനും സർവകലാശാലക്കും ആവശ്യാനുസരണം മൂഡിൽ പ്ലാറ്റ്ഫോം കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാൻ സംവിധാനമൊരുക്കും.
സാേങ്കതിക സഹായങ്ങൾക്ക് പുറമെ അധ്യാപകർക്ക് ആവശ്യമായ പരിശീലനവും ഉന്നത വിദ്യാഭ്യാസ കൗൺസിലും ഡിജിറ്റൽ സർവകലാശാലയും ചേർന്ന് ഒരുക്കണം. നിലവിൽ കോളജുകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവിധതരം പ്ലാറ്റ്ഫോമുകളാണ് ഒാൺലൈൻ പഠനത്തിന് ഉപയോഗിക്കുന്നത്.
ചെലവ് ചുരുക്കാമെന്നതിനാലാണ് മൂഡിൽ ഉപയോഗിക്കാമെന്ന നിർദേശം ഉയർന്നത്. ഉയർന്ന ഹാർഡ്വെയർ നിക്ഷേപമില്ലാതെ ഇൗ സംവിധാനം നടപ്പാക്കാനാകുമെന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു.
എൽ.എം.എസ് പ്ലാറ്റ്ഫോം എല്ലാ സ്ഥാപനങ്ങൾക്കും ലഭ്യമാക്കൽ, ഉപകരണ ലഭ്യത, േഡറ്റ ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും പരിശീലനത്തിനും നേതൃത്വം നൽകുന്നതിന് സർവകലാശാല പ്രതിനിധികളെയും സ്ഥാപന പ്രതിനിധികളെയും ഉൾപ്പെടുത്തി വിദഗ്ധസമിതി രൂപവത്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.