വിദ്യാർഥികൾക്ക് ഓൺലൈൻ തിരക്ക്
text_fieldsകോഴിക്കോട്: കോവിഡ് കാലത്ത് കേരളത്തിലെ മുഴുവൻ സ്കൂളുകളിലെയും പഠനം ഓൺലൈൻ മാധ്യമത്തിലൂടെയായിരുന്നു. വീണ്ടും നിപയുടെ ഭീഷണി ജില്ലയിലെ വിദ്യാലയങ്ങൾക്ക് വിലങ്ങിട്ടപ്പോൾ ഓൺലൈൻ പഠനത്തിന്റെ വഴികൾ തേടാൻ നിർബന്ധിതമായ വിദ്യാഭ്യാസ വകുപ്പ് വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പഠനം ഓൺലൈനിലേക്ക് മാറ്റാൻ എല്ലാ സ്കൂളുകൾക്കും നൽകിയ നിർദേശം ഫലപ്രദമായി നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുള്ള തീവ്രശ്രമത്തിലാണ് ജില്ലയിലെ വിദ്യാഭ്യാസ അധികൃതരും അധ്യാപകരും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു. ഇതേ തുടർന്നാണ് ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് ജില്ലയിലെ വിദ്യാഭ്യാസം ഒന്നാകെ മാറ്റാൻ നടപടി എടുത്തത്.
ഇക്കഴിഞ്ഞ 12നാണ് കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചത്. 14 മുതൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരിക്കുകയാണ്. ഈ ആഴ്ചയും സ്കൂളുകൾ തുറന്നുപ്രവർത്തിക്കാൻ സാധ്യതയില്ലെന്നുറപ്പായതിനാലാണ് ക്ലാസ് ഓൺലൈനിലേക്ക് മാറ്റിയത്.
ഗൂഗിൾ, സൂം, ടീച്ചർ മിന്റ് എന്നീ പ്ലാറ്റ്ഫോമുകൾക്കു പുറമെ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ) ജി സ്യൂട്ടിൽ വികസിപ്പിച്ച പ്രത്യേക ആപ്പും വഴിയുമാണ് ക്ലാസുകൾ നടക്കുന്നത്.
സ്കൂളിൽനിന്ന് വിദ്യാർഥികൾക്ക് നൽകിയ യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ജി സ്യൂട്ടിൽ പ്രവേശിച്ച് ക്ലാസ് മുറികളും വിഷയങ്ങളും തിരഞ്ഞെടുക്കാനാവും. മറ്റ് പ്ലാറ്റ്ഫോമുകളെക്കാൾ വിദ്യാർഥികൾക്ക് ഏറ്റവും പ്രയോജനപ്പെടുന്നത് ജി സ്യൂട്ടാണെന്ന് ഡി.ഡി.ഇ മനോജ് മണിയൂർ പറഞ്ഞു. ഇതിനു പുറമെ സമഗ്രയിലെ യൂട്യൂബ് വിഡിയോകളും ഓൺലൈൻ പഠനത്തിന് ഉപയോഗിക്കുന്നുണ്ട്.
തിങ്കളാഴ്ച മുതലാണ് പൊതുവിദ്യാലയങ്ങൾ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. സ്വകാര്യ സ്കൂളുകളും എൻട്രൻസ് കോച്ചിങ് സെന്ററുകളും ഇതിൽ ഒരുപടി മുന്നിലാണ്. ശനിയാഴ്ച മുതൽതന്നെ അവർ ക്ലാസുകൾ ഓൺലൈനിൽ ആക്കിയിരുന്നു. കഴിഞ്ഞ കോവിഡ് കാലത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ നിപ കാലത്തെയും നേരിടുന്നത്. ഇപ്പോൾ ഒരാഴ്ചത്തേക്കുള്ള പഠനസംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് മനോജ് മണിയൂർ അറിയിച്ചു.
ദിവസം പരമാവധി അഞ്ച് ക്ലാസുകളാണ് കൂടുതൽ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനാലും രോഗവ്യാപനം നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞതിനാലും ഒരാഴ്ചക്കുള്ളിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർവ സ്ഥിതിയിലെത്തുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും.
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്
• മൊബൈൽ, ലാപ്ടോപ് സംവിധാനങ്ങൾ ഒരുക്കുക. •ഫോൺ ചാർജ്, ഡേറ്റ ചാർജ് എന്നിവ ഉറപ്പുവരുത്തുക.
• കുട്ടികൾ ക്ലാസുകളിൽ ശ്രദ്ധിക്കുന്നുണ്ട് എന്നുറപ്പു വരുത്തുക.
• ക്ലാസുകൾ കഴിഞ്ഞാൽ കുട്ടികൾ മൊബൈലിൽ ഗെയിം പോലുള്ള കാര്യങ്ങൾക്കായി സമയം ചെലവഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
• ക്ലാസിനുശേഷം നോട്സും പ്രോജക്ടുകളും പ്രത്യേക ഫോമുകൾ വഴി സമർപ്പിച്ചു എന്ന് ഉറപ്പുവരുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.