‘നിറം മങ്ങി’ സർക്കാർ സ്കൂളുകൾ അന്വേഷിക്കാനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്
text_fieldsതിരുവനന്തപുരം: നൂറു ശതമാനം വിജയം നേടിയ 63 സ്കൂളുകളിൽ സർക്കാർ സ്കൂളുകൾ വെറും ഒമ്പതെണ്ണം മാത്രം. സമീപകാലത്ത് ആദ്യമായാണ് ഇത്രയും കുറവുണ്ടാകുന്നത്. ഒമ്പത് ഗവ. സ്കൂളുകളിൽ ആറെണ്ണവും മോഡൽ റസിഡൻഷ്യൽ സ്കൂളുകളാണ്. രണ്ടെണ്ണം സ്പെഷൽ സ്കൂളും.
ശേഷിക്കുന്ന ഏക സർക്കാർ സ്കൂൾ പാലക്കാട് മലമ്പുഴ ഗവ. ആശ്രാമം എച്ച്.എസ്.എസ് ആണ്. തൃശൂർ വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ, ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഇടുക്കി പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ എച്ച്.എസ്.എസ്, മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ആലപ്പുഴ പുന്നപ്ര മോഡൽ റസിഡൻഷ്യൽ സ്കൂൾ, പത്തനംതിട്ട വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നിവയാണ് നൂറു ശതമാനം വിജയം നേടിയത്. ഇവയെല്ലാം പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ളതാണ്.
സ്പെഷൽ സ്കൂൾ വിഭാഗത്തിൽ ഒറ്റപ്പാലം ഗവ. വി.എച്ച്.എസ് ഫോർ ദ ഡെഫ് സ്കൂളും തിരുവനന്തപുരം ജഗതിയിലെ ഗവ. വി.എച്ച്.എസ്.എസ് ഫോർ ദ ഡെഫ് സ്കൂളുമാണുള്ളത്. നൂറു ശതമാനം വിജയത്തിൽ സർക്കാർ സ്കൂളുകൾ പിന്നിലായതു സംബന്ധിച്ച് സർക്കാർ അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിശോധന നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.