ശ്രീനാരായണഗുരു ഒാപൺ സർവകലാശാല ഒാർഡിനൻസിന് അംഗീകാരം
text_fieldsതിരുവനന്തപുരം: ശ്രീനാരായണഗുരു ഒാപൺ സർവകലാശാലക്കുള്ള ഒാർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. കൊല്ലം ആസ്ഥാനമായി ഒാപൺ സർവകലാശാല നിലവിൽവരുന്നതോടെ സംസ്ഥാനത്തെ ഇതര സർവകലാശാലകളിലെ വിദൂര/ പ്രൈവറ്റ് വിദ്യാഭ്യാസം നിർത്തലാക്കും. ഇതിനുള്ള വ്യവസ്ഥ ഒാർഡിനൻസിൽ ഉൾപ്പെടുത്തി. ഇൗ രീതിയിൽ മറ്റ് സർവകലാശാലകളിൽ നിലവിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അവിടെ പഠനം പൂർത്തിയാക്കാം.
ഇൗ വർഷം മുതൽ പുതിയ ഒാപൺ സർവകലാശാലക്ക് കീഴിൽ വിദ്യാർഥി പ്രവേശനം ആരംഭിക്കും. സർവകലാശാലക്ക് നാല് മേഖല കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ഇതിനുള്ള സ്ഥലങ്ങൾ പിന്നീട് നിശ്ചയിക്കും. ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങൾക്ക് പുറമെ സയൻസ് കോഴ്സുകൾ കൂടി ഒാപൺ സർവകലാശാലക്ക് കീഴിൽ ആംഭിക്കും. സയൻസ് വിഷയങ്ങളുടെ പ്രാക്ടിക്കൽ ഉൾപ്പെടെ ആവശ്യങ്ങൾക്കായി സർക്കാർ കോളജുകളുടെ സൗകര്യം ഉപയോഗിക്കും. എയ്ഡഡ് കോളജുകളിലെ സൗകര്യം ഉപയോഗിക്കാൻ ധാരണയുണ്ടാക്കും. ഒാൺലൈൻ, സർട്ടിഫിക്കറ്റ് കോഴ്സുകളും വിദേശഭാഷ കോഴ്സുകളും ആരംഭിക്കും. ഏത് പ്രായത്തിലുള്ളവർക്കും കോഴ്സുകൾക്ക് ചേരാം. പരമാവധി സേവനങ്ങൾ ഒാൺലൈനായി നൽകും.
നിലവിൽ വിദൂരവിദ്യാഭ്യാസ വിഭാഗമുള്ള കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ ജീവനക്കാർക്കും അധ്യാപകർക്കും പുതിയ സർവകലാശാലയിലേക്ക് ഒാപ്ഷൻ നൽകി മാറാനാകും. കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ മാത്രമാണ് സ്ഥിരം അധ്യാപകരുള്ളത്. നിലവിലെ ജീവനക്കാർക്ക് ഒാപ്ഷൻ നൽകുന്നതുവഴി സർക്കാറിന് അധിക സാമ്പത്തികബാധ്യത വരില്ലെന്നാണ് പ്രതീക്ഷ. ഒക്ടോബർ രണ്ടിന് ഒാപൺ സർവകലാശാല ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.