കോഴ്സ് അംഗീകാരത്തിന് ഓപണ്‍ സർവകലാശാല അപേക്ഷിച്ചിട്ടില്ല –കേന്ദ്രം
text_fieldsന്യൂഡല്‍ഹി: ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാലയുടെ കോഴ്സുകളുടെ അംഗീകാരത്തിന് സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് അപേക്ഷകളൊന്നും യു.ജി.സിക്ക് കിട്ടിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം പാർലമെൻറിൽ അറിയിച്ചു.
2020 ഒക്ടോബറിലാണ് ശ്രീനാരായണ ഗുരു ഓപണ്‍ സർവകലാശാല സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്തത്. യു.ജി.സി അംഗീകാരം കിട്ടുന്നതിന് മുമ്പായിരുന്നു ഉദ്ഘാടനം. 2021-22 അക്കാദമിക വര്‍ഷം തന്നെ കോഴ്സുകള്‍ ആരംഭിക്കുമെന്നായിരുന്നു ഉദ്ഘാടനത്തിലും തുടര്‍ന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
വിദൂര പഠനത്തിനായി ഓപണ്‍ സര്‍വകലാശാല രൂപവത്കരിച്ചതോടെ സംസ്ഥാനത്തെ പ്രമുഖ സർവകലാശാലകള്‍ വിദൂരപഠനവും പ്രൈവറ്റ് രജിസ്ട്രേഷനും ഏതാണ്ട് അവസാനിപ്പിച്ചിരുന്നു. ഇത്തരത്തില്‍ സർവകലാശാല നിലവില്‍ വരുന്നതോടുകൂടി മറ്റ് സർവകലാശാലകള്‍ വിദൂര കോഴ്സുകള്‍ അവസാനിപ്പിക്കണമെന്ന നിബന്ധനയും നിയമസഭ പാസാക്കിയ നിയമത്തിൽ പറയുന്നുണ്ട്. കോഴ്സുകള്‍ക്ക് അംഗീകാരം കിട്ടാത്തത് യു.ജി.സി പോര്‍ട്ടല്‍ തുറക്കാത്തതുകൊണ്ടാണെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഈ വര്‍ഷം ജൂണില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതേ കാലയളവില്‍ കേരള, കാലിക്കറ്റ് സർവകലാശാലകള്‍ വിദൂര പഠനത്തിന് കോഴ്സുകളുടെ അംഗീകാരത്തിനായി അപേക്ഷിക്കുകയും, സർവകലാശാലകളുടെ മുന്‍കാല മികവുകളുടെ അടിസ്ഥാനത്തില്‍ പതിവില്‍നിന്ന് വിപരീതമായി 2021 മുതല്‍ അഞ്ച് വര്‍ഷക്കാലയളവിലേക്ക് ഈ സർവകലാശാലകളിലെ ഏതാനും വിദൂര കോഴ്സുകള്‍ക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു.
അംഗീകാരത്തിെൻറ കാര്യത്തില്‍ വ്യക്തത വരുത്താതെ സർവകലാശാല ഉദ്ഘാടനം ചെയ്തതിലൂടെയും ഇതുമൂലം മറ്റ് സർവകലാശാലകള്‍ക്ക് വിദൂരപഠനം നിഷേധിക്കുന്നതരത്തില്‍ നിയമനിർമാണം നടത്തിയതിലൂടെയും ലക്ഷക്കണക്കിന് വരുന്ന വിദ്യാർഥികള്‍ സംസ്ഥാനത്ത് ബുദ്ധിമുട്ടിലാണെന്ന് വിഷയം ഉന്നയിച്ച എം.കെ. രാഘവൻ എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.