ഓപൺ സർവകലാശാല പഠിതാക്കളെ തേടി പഞ്ചായത്തുകളിലേക്ക്
text_fieldsമലപ്പുറം: ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പഠിതാക്കളെ സംഘടിപ്പിക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പ്രാദേശിക ഭരണകൂടങ്ങൾക്കും സർവകലാശാല കത്ത് നൽകി. ഓരോ വർഷവും നിശ്ചിത പഠിതാക്കളെ സർവകലാശാലകളുടെ പാഠ്യപദ്ധതികളിൽ ചേർക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. സമ്പൂർണ ബിരുദ സംസ്ഥാനം, സൈബർ സിറ്റിസൺഷിപ്പ് പ്രോഗ്രാം എന്നീ പദ്ധതികൾക്ക് സർവകലാശാല തുടക്കം കുറിച്ചിട്ടുണ്ട്.
പല കാരണങ്ങളാൽ പ്രീ ഡിഗ്രി-പ്ലസ്ടു തലത്തിൽ പഠനം അവസാനിപ്പിക്കേണ്ടി വന്ന 60 വയസ്സിന് താഴെയുള്ള മുഴുവൻ ആളുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന കുടുംബശ്രീ മിഷന്റെയും സാക്ഷരത മിഷന്റെയും സഹകരണത്തോടെ ബിരുദപഠനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
പഞ്ചായത്തുകൾ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതി തയാറാക്കുമ്പോൾ ഇതു കൂടി ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. പഠിതാക്കൾക്ക് കൗൺസലിങ് ഉൾപ്പെടെ നൽകാൻ സർവകലാശാല ജില്ലതലത്തിൽ സംവിധാനമൊരുക്കും. ഇ സേവനങ്ങളും ഉപകരണങ്ങളും ഫലപ്രദമായി ഉപയോഗിക്കാൻ പഠിതാക്കളെ പര്യാപ്തമാക്കുന്നതാണ് സൈബർ സിറ്റിസൺ പ്രോഗ്രാം. മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിന് 500 രൂപയാണ് ഫീസ്.
ബിരുദത്തോടൊപ്പം സംരംഭക പരിശീലനവും നൽകുന്ന ബി.എ ഇൻ നാനോ എന്റർപ്രണർഷിപ്പ് കോഴ്സിനും പഠിതാക്കളെ നൽകണമെന്ന് സർവകലാശാല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.