10ലും 12ലും വൻതോൽവി; മുന്നിൽ മധ്യപ്രദേശ്, തൊട്ടു പിന്നാലെ ബിഹാറും യു.പിയും
text_fieldsന്യൂഡൽഹി: രാജ്യമാകെ സംസ്ഥാനതല സിലബസിൽ 10, 12 ക്ലാസ് പരീക്ഷകളിൽ വൻതോൽവിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 65 ലക്ഷം വിദ്യാർഥികളാണ് കഴിഞ്ഞവർഷം തോറ്റതെന്ന് മന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു.
56 സംസ്ഥാന ബോർഡുകളും മൂന്ന് ദേശീയ ബോർഡുകളും ഉൾപ്പെടെ 59 സ്കൂൾ ബോർഡുകളുടെ 10, 12 ക്ലാസ് ഫലങ്ങൾ വിശകലനം ചെയ്തപ്പോൾ സർക്കാർ സ്കൂളുകളിൽനിന്ന് കൂടുതൽ പെൺകുട്ടികൾ 12ാം ക്ലാസ് പരീക്ഷ എഴുതുന്നതായി കണ്ടെത്തി. പത്താം ക്ലാസിലെ 33.5 ലക്ഷം വിദ്യാർഥികൾ അടുത്ത ഗ്രേഡിൽ എത്തുന്നില്ല. 5.5 ലക്ഷം പേർ പരീക്ഷക്ക് ഹാജരായില്ല. 28 ലക്ഷം പേർ തോറ്റു. 32.4 ലക്ഷം 12ാം ക്ലാസ് വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കിയില്ല. 5.2 ലക്ഷം പേർ ഹാജരാകാതിരുന്നപ്പോൾ 27.2 ലക്ഷം പേർ തോറ്റു.
പത്താം ക്ലാസിൽ കേന്ദ്ര ബോർഡിലെ വിദ്യാർഥികളുടെ പരാജയം ആറ് ശതമാനമാണ്. സംസ്ഥാന ബോർഡുകളുടേത് 16 ശതമാനവും. 12ാം ക്ലാസിൽ കേന്ദ്രബോർഡിലെ പരാജയ നിരക്ക് 12 ശതമാനവും സംസ്ഥാന ബോർഡുകളുടേത് 18 ശതമാനവുമാണ്. രണ്ട് ക്ലാസുകളിലും ഓപൺ സ്കൂൾ പ്രകടനം മോശമാണെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
പത്താം ക്ലാസിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ തോറ്റത് മധ്യപ്രദേശിലാണ്. തൊട്ടുപിന്നാലെ ബിഹാറും യു.പിയും. 12ാം ക്ലാസിൽ കൂടുതൽ വിദ്യാർഥികൾ തോറ്റത് ഉത്തർപ്രദേശിലാണ്. പിന്നാലെ മധ്യപ്രദേശുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2023ൽ വിദ്യാർഥികളുടെ മൊത്തത്തിലുള്ള മികവ് കുറഞ്ഞിട്ടുണ്ട്. സിലബസ് ഇതിന് കാരണമാകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സർക്കാർ സ്‌കൂളുകളിൽ നിന്ന് 10, 12 ക്ലാസുകളിൽ ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികളാണ് പരീക്ഷ എഴുതിയത്. രക്ഷിതാക്കൾ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കുമ്പോൾ ലിംഗ പക്ഷപാതമുണ്ടെങ്കിലും സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിജയത്തിൽ പെൺകുട്ടികൾ ആധിപത്യം പുലർത്തുന്നതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.