പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലുണ്ടായത് വലിയ മാറ്റങ്ങളാണെന്ന് പി. രാജീവ്
text_fieldsകൊച്ചി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് മന്ത്രി പി. രാജീവ്. കല്ലിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിർമാണം പൂർത്തിയായ പുതിയ അക്കാദമിക്ക് ബ്ലോക്കുകളുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊതു വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയാവുന്ന സംസ്ഥാനമാണ് കേരളം. പശ്ചാത്തല വികസനത്തിലൂടെ വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുക എന്നതാണ് സർക്കാർ ലക്ഷ്യം. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സ്കൂളിലെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ഇത്തരത്തിൽ സംസ്ഥാനത്തുടനീളം വിവിധ വിസ പദ്ധതികളാണ് യാഥാർഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.
കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു കോടി രൂപ ചെലവിൽ 14452 ചതുരശ്രയടി ചുറ്റയളവ് വരുന്ന രണ്ട് അക്കാദമിക്ക് ബ്ലോക്കുകളാണ് കല്ലിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിർമിച്ചിരിക്കുന്നത്. ഒന്നാമത്തെ ബ്ലോക്കിൽ മൂന്ന് നിലകളിലായി ഒൻപത് ക്ലാസ് മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ശുചിമുറി സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. രണ്ടാമത്തെ ബ്ലോക്കിൽ ആദ്യത്തെ രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികളും ശുചിമുറി സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാമത്തെ നിലയിൽ ലൈബ്രറി, ലബോറട്ടറി സൗകര്യങ്ങളാണുള്ളത്.
ചടങ്ങിൽ എൽദോസ് കുന്നപ്പള്ളിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, പെരുമ്പാവൂർ നഗരസഭ മുൻ ചെയർമാൻ എൻ.സി മോഹനൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ സോമൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.