ഭാവിയിലേക്ക് വഴിതുറന്ന്...
text_fieldsഷാർജ: ഭാവിയുടെ വിദ്യാഭ്യാസവും കരിയറും എന്താവണമെന്ന് വിരൽചൂണ്ടുന്നതായിരുന്നു എജുകഫെയിൽ രണ്ടാംദിനം നടന്ന വിവിധ സെഷനുകൾ. രാവിലെ 9.30 മുതൽ ഉച്ചവരെ നടന്ന സെഷനുകളിലെത്തിയ പ്രചോദക പ്രഭാഷകരും നിരീക്ഷകരും കരിയർ വിദഗ്ധരും പറഞ്ഞുവെച്ചതും ഭാവിയെ കുറിച്ചായിരുന്നു. നാളെയുടെ നായകരാവാൻ കൊതിക്കുന്നവർ ആകാംക്ഷയോടെ കാത്തിരുന്ന സെഷനുകളായിരുന്നു ഇവ.'നിങ്ങളുടെ ഭാവിയെ രൂപപ്പെടുത്തുക' എന്ന വിഷയത്തിൽ ജോബ് ഗൈഡൻസ് ആൻഡ് കരിയർ ഡെവലപ്മെന്‍റ് ട്രെയ്നറും കൊനെക്സ് ജനറൽ മാനേജറുമായ കാസിം പുത്തൻപുരക്കലാണ് ആദ്യ സെഷനിൽ കുട്ടികളുമായി സംവദിച്ചത്.
ഭാവിയിൽ കരിയർ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട വിഷയങ്ങളെ കുറിച്ചും മികച്ച കരിയറിലേക്ക് നയിക്കുന്ന വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചുമെല്ലാം അദ്ദേഹം വിശദമാക്കി. രണ്ടാം സെഷനിൽ ഗാർഡൻ സിറ്റി യൂനിവേഴ്സിറ്റി ചാൻസലർ ഡോ. വി.ജി. ജോസഫ് എത്തിയത് 'എങ്ങനെ നല്ലൊരു വിദ്യാർഥിയാകാം' എന്നത് വിശദീകരിക്കാനാണ്. വിദ്യാർഥികൾ പാലിക്കേണ്ട അച്ചടക്കം, പഠനക്രമം, ചിട്ട എന്നിവയെ കുറിച്ചെല്ലാം അദ്ദേഹം സംസാരിച്ചു.
നമ്മൾ സ്വയം തിരിച്ചറിയേണ്ടതിനെ കുറിച്ച് ഫാമിലി കൗൺസലറും സ്പെഷൽ എജുക്കേറ്ററും സൈക്കോതെറപ്പിസ്റ്റും സംരംഭകയുമായ നാദിറ ജാഫർ വിശദീകരിച്ചു. ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരുന്നതിനെ കുറിച്ചായിരുന്നു നാദിറയുടെ സെഷൻ. ഈ തിരിച്ചറിവിലൂടെ വിദ്യാഭ്യാസ, കരിയർ മേഖലയിൽ അപ്രതീക്ഷിതമായ കുതിപ്പുണ്ടാക്കാമെന്നും അവർ വ്യക്തമാക്കി.വിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റങ്ങളെ കുറിച്ച് സദ്ഭാവന ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. കെ.ഇ. ഹരീഷ് സംസാരിച്ചു. ഡിജിറ്റൽ കാലത്തും അതിനുശേഷവും വിദ്യാഭ്യാസ ലോകത്ത് എന്തെല്ലാം മാറ്റമുണ്ടാകണമെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.